വിവാദത്തിലായ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി; പ്രശാന്തിനും ഗോപാലകൃഷ്‌ണനും സസ്പെൻഷൻ
വിവാദങ്ങളില്‍ അകപ്പെട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനുമെതിരെ നടപടി. ഇരുവരെയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്‌ണൻ നേരിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച് പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി.
കെ.ഗോപാലകൃഷ്ണനെതിരെയും എന്‍.പ്രശാന്തിനെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ റിപ്പോര്‍ട്ട് മാതൃഭൂമി പത്രത്തിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ ജയതിലക് തന്നെ ആണെന്ന് ആരോപിച്ചാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. ‘അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തി’, ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നൊക്കെയുള്ള പരാമർശങ്ങളും ജയതിലകിനെതിരെ പ്രശാന്ത് നടത്തിയിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ വിവാദം സൃഷ്ടിക്കാന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന് പ്രശാന്ത് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഇതിനിടെ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും രംഗത്ത് എത്തി. എന്നാല്‍, മേഴ്സിക്കുട്ടിയമ്മക്ക് എതിരെയും പ്രശാന്ത് കമൻ്റിട്ടു. ഇതെല്ലാം പരിഗണിച്ചാണ് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് എന്നാണ് കെ.ഗോപാലകൃഷ്ണന്‍ ആരോപിച്ചത്. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് പോലീസ് റിപ്പോര്‍ട്ട് വന്നത്. ഫോണുകൾ ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും ഫോൺ ഉപയോഗിച്ചിരുന്നയാൾ തന്നെയാണ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് എന്നും വ്യക്തമാക്കിയായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതോടെ ഗോപാലകൃഷ്ണനും നടപടി ഉറപ്പായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here