ടിപി വധത്തിൽ സിബിഐ വരണമെന്നതിൽ ഉറച്ച് കെ.കെ.രമ; പിണറായിയുടെ പങ്കിൽ നല്ല ബോധ്യമുണ്ടെന്നും രമ മാധ്യമ സിൻഡിക്കറ്റിനോട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അറിവോടെയാണ് ടിപി വധം നടന്നതെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്ന് കെ.കെ.രമ എംഎല്‍എ. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം അറിയാതെ ഈ കൊലപാതകം സംഭവിക്കില്ല. സാമാന്യ ബുദ്ധിയുള്ള ആർക്കും, പിണറായിക്ക് ടിപി വധത്തിൽ പങ്കുണ്ടെന്ന് മനസിലാകുമെന്ന് രമ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സിപിഎമ്മിന് ടിപിയോടുള്ള വിരോധം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രമ കൂട്ടിച്ചേർത്തു.

“ടിപി വധത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പറയുന്നത് ശരി വയ്ക്കുന്ന വിധിയാണ് ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് വന്നത്. രണ്ട് സിപിഎമ്മുകാര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതോടെ തികച്ചും രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിരവധി സാക്ഷികളെ കൂറുമാറ്റിയതിനാലാണ് മോഹനനെ വെറുതെ വിട്ടത്. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം.”-രമ വ്യക്തമാക്കി.

സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ വരെ എത്തിനിൽക്കുകയാണ് ഗൂഢാലോചനക്കേസ്. എന്നാൽ അതിനു മുകളിലുള്ള ഉന്നത നേതൃത്വത്തിന്റെ പങ്ക് ഇനിയും പുറത്തുവരാനുണ്ട്. വധത്തിനു പിന്നിലുള്ള ഗൂഡാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ട് കാലങ്ങളായി. നിലവിലെ വാദം കഴിഞ്ഞ ഉടനെ ഹൈക്കോടതി അത് പരിഗണിക്കുമെന്ന് വിശ്വാസമുണ്ടെന്നും രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടിപി വധക്കേസിലെ പ്രതികള്‍ ശിക്ഷാവിധിക്കെതിരെ നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി നിര്‍ണ്ണായക ഉത്തരവിറക്കിയത്. പ്രതികളുടെ ശിക്ഷ ശരിവച്ചാണ് വിധി വന്നത്. കൊലപാതകത്തില്‍ പങ്കുണ്ടായിരുന്ന കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇരുവരോടും 26ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ക്കുള്ള ശിക്ഷ അന്ന് വിധിക്കും. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ ശിക്ഷ കൂട്ടുമോയെന്നും അന്നറിയാം.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎമ്മുകാരായ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്‍റെ പകയില്‍ ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ.കുഞ്ഞനന്തൻ തുടങ്ങി 12 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top