ഡല്‍ഹി മദ്യനയകേസില്‍ ബിആര്‍എസ് നേതാവ് കവിതക്ക് ജാമ്യം; അറസ്റ്റിലായത് അഞ്ച് മാസം മുന്‍പ്

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബിആർ.ഗവായ്, കെ.വി .വിശ്വനാഥൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. അന്വേഷണം അവസാനിച്ചെന്നും ഇനി വിചാരണയുടെ നാളുകള്‍ ആണെന്നും ഇതിന് സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. പാസ്‌പോർട്ട് വിചാരണകോടതിയിൽ സമർപ്പിക്കാനും അന്വേഷണവുമായി സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. അഞ്ചു മാസമായി കവിത തീഹാര്‍ ജയിലിൽ കഴിയുകയാണ്.

സിബിഐ, ഇഡി കേസുകളില്‍ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കവിത സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി സിബിഐയോടും ഇഡിയോടും വിശദീകരണം തേടിയിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനയിലെ പ്രധാനികളിലൊരാളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കവിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

മാർച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ വച്ചാണ് കവിതയെ (46) ഇഡി അറസ്റ്റ് ചെയ്തത്. തീഹാർ ജയിലിൽ കഴിയുമ്പോഴാണ് ഏപ്രിൽ 11ന് സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട നൂറു കോടിയുടെ അഴിമതിയില്‍ കവിതയ്ക്ക് പങ്കുണ്ടെന്നാണ് ഇഡിയുടെയും സിബിഐയുടെയും നിഗമനം. എഎപി നേതാക്കള്‍ക്ക് നേതാക്കൾക്ക് കോഴ കൈമാറിയ ഗൂഢാലോചനയിലും കവിതയ്‌ക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.

2021 നവംബർ 17നാണ് ഡൽഹിയില്‍ സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പിലാക്കിയത്. മദ്യനയം സ്വകാര്യവത്ക്കരിക്കുകയാണ് ചെയ്തത്. ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ 60 ശതമാനം സർക്കാരും 40 ശതമാനം സ്വകാര്യവ്യക്തികളുമാണ് കൈവശം വച്ചത്. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യവത്ക്കരണമായി. കൂണുപോലെ മദ്യവില്പനശാലകള്‍ മുളച്ചുപൊന്താന്‍ നയം വഴിവച്ചു.

പുതിയ മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്‌സേനയ്ക്ക് നല്‍കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യക്കച്ചവടക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇഡി, സിബിഐ അന്വേഷണങ്ങള്‍ വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top