മന്ത്രി കൃഷ്ണൻകുട്ടിയെ മാറ്റിനിർത്തിയേക്കും; കർണാടകയിലെ ജെഡിഎസുമായുള്ള ബന്ധം വിനയാകുമെന്ന് എൽഡിഎഫിൽ ആശങ്ക; പ്രജ്വലിൻ്റെ പീഡനക്കേസുകൾ സുനാമിയായേക്കും

ആലത്തൂരിൽ നിന്ന് ജയിച്ച കെ.രാധാകൃഷ്ണൻ്റെ ഒഴിവ് നികത്താനായി നടത്തുന്ന മന്ത്രിസഭാ പുനസംഘടനയിലൂടെ ജനതാദളിൻ്റെ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ കസേര തെറിച്ചേക്കും. എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിൽ ബിജെപിയുമായി കൂട്ടുചേർന്ന ജനതാദളുമായി ഇനിയും ഔദ്യോഗികമായി ബന്ധം വിടാത്തതാണ് കാരണം. ബന്ധം വിഛേദിച്ചുവെന്ന് കേരള ഘടകം പറയുന്നുണ്ടെങ്കിലും അത് വെറും അഡ്ജസ്റ്റ്മെൻ്റാണെന്ന് എല്ലാവർക്കും അറിയാം. ആ ബന്ധം വിട്ടാൽ ഇവിടെ പുതിയ പാർട്ടി ഉണ്ടാകേണ്ടതാണ്. പ്രായോഗികമായി അത് എളുപ്പമല്ല. പാർട്ടിയുടെ ദേശീയധ്യക്ഷൻ കൂടിയായ ഗൗഡയുമായും നേതാക്കളുമായും പ്രത്യക്ഷത്തിൽ അകലം പാലിക്കുകയും സ്വതന്ത്ര സംവിധാനമായി കേരളത്തിൽ ഒതുങ്ങിക്കൂടുകയും ചെയ്യുന്ന ഇപ്പോഴത്തെ രീതിയിൽ മുന്നോട്ട് പോകാൻ എൽഡിഎഫ് പച്ചക്കൊടി കാട്ടിയിരുന്നു. അതിനിടെയാണ് ദളിനെയും ഗൗഡ കുടുംബത്തെയും ആകെ പിടിച്ചുലച്ച ലൈംഗിക പീഡനക്കേസുകളിൽ ദേവഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ചെന്നുപെട്ടത്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വൽ സമ്മർദം രൂക്ഷമായപ്പോൾ തിരിച്ചെത്തി പോലീസിന് കീഴടങ്ങിയിരിക്കുകയാണ്. പ്രജ്വൽ മുങ്ങിയശേഷം, അച്ഛനും എംഎൽഎയുമായ എച്ച്ഡി രേവണ്ണയും അറസ്റ്റിലായിരുന്നു. സ്വതന്ത്ര ഇൻഡ്യയുടെ രാഷ്ട്രിയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ കേസ്.
ജനതാദൾ കേരള ഘടകത്തിലെ ശാക്തിക ബലാബലത്തിൽ ഏറ്റവുമൊടുവിൽ കൃഷ്ണൻകുട്ടി പക്ഷത്തിന് തുണയായി നിന്നത് ഗൗഡ കുടുംബം ആയിരുന്നു. അതിൽ തന്നെ ഇപ്പോൾ കേസിൽപെട്ട പ്രജ്വൽ, അച്ഛൻ എച്ച്ഡി രേവണ്ണ എന്നിവരാണ് കേരളത്തിലെ കാര്യത്തിൽ സജീവമായി ഇടപെട്ടിരുന്നതെന്നും ആരോപണമുണ്ട്. അങ്ങനെയാണ് മികച്ച പ്രതിഛായ ഉണ്ടായിരുന്ന മാത്യു ടി.തോമസിനെ നീക്കി കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരമൊത്തത്. ഇതിനായി സാമ്പത്തികം അടക്കം പലവിധത്തിലുള്ള ഇടപാടുകൾ നടന്നതായി മുൻപ് തന്നെ പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ പ്രബലമായി നിന്ന ദേശീയ നേതൃത്വത്തിനെതിരെ പ്രതികരിക്കാൻ പലരും പേടിക്കുകയും മിതഭാഷിയായ മാത്യു ടി.തോമസ് മൌനം പാലിക്കുകയും ചെയ്തതിനാൽ വിവാദമൊന്നും പുറത്തേക്ക് വന്നില്ലെന്ന് മാത്രം. ഗൗഡ കുടുംബം ഉൾപ്പെട്ട കർണാടകയിലെ പീഡനക്കേസുകൾ നാൾക്കുനാൾ വഷളാകുന്ന സാഹചര്യത്തിൽ ഇങ്ങനെ എന്തെങ്കിലും വിവരങ്ങൾ ഉയർന്ന് വന്നേക്കാമെന്ന അപായസൂചനകൾ പല കേന്ദ്രങ്ങളിൽ നിന്ന് എൽഡിഎഫിനും സിപിഎം നേതൃത്വത്തിനും കിട്ടുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ദൾ പ്രതിനിധിയായി മന്ത്രിസഭയിലുള്ള കൃഷ്ണണൻകുട്ടിയെ മാറ്റിനിർത്താൻ ആലോചിക്കുന്നത്. ദേശീയ നേതൃത്വവുമായി ഔദ്യോഗികമായി തന്നെ ബന്ധം വിഛേദിച്ച് പുതിയ പാർട്ടിയായി വന്നാൽ പരിഗണിക്കാം എന്നാണ് ധാരണ.
കർണാടകയിൽ ഭരണം കോൺഗ്രസിനാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് രാഷ്ട്രിയ ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഡികെ ശിവകുമാറാണ്. പ്രജ്വലിൻ്റെ കേസ് അതീവ ഗൗരവമായാണ് കർണാടക പോലീസ് ഇതുവരെ കൈകാര്യം ചെയ്യുന്നത്. അങ്ങനെയാണ് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യംവിട്ട് ജർമനിയിൽ എത്തിയ പ്രജ്വലിനെ അത് റദ്ദാക്കി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി സാധിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഇനിയുള്ള അന്വേഷണത്തിൽ ഇയാളുടെ രാഷ്ട്രിയമായും അല്ലാത്തതുമായ ബന്ധങ്ങളെല്ലാം പുറത്തുവരുമെന്ന് ഉറപ്പാണ്. ജെഡിഎസ് കേരള ഘടകത്തിലെ ആരെങ്കിലുമായി സാമ്പത്തികമോ അല്ലാത്തതോ ആയ എന്തെങ്കിലുമൊരു ഡീലിൻ്റെ വിവരം പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സാധാരണ നിലയ്ക്ക് ഒരു പാർട്ടിയായി നിൽക്കുമ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടായാലും ദുരുദ്ദേശ്യം സംശയിക്കേണ്ടതില്ല. എന്നാൽ ബിജെപിയുമായി കൈകോർത്ത ദൾ ദേശീയ ഘടകവുമായി ബന്ധം വിഛേദിച്ചുവെന്ന് പറഞ്ഞ് കേരള ഘടകം നിൽക്കുമ്പോൾ ഇക്കാര്യത്തിൽ സാധാരണയിലും കവിഞ്ഞ സൂക്ഷ്മത ആവശ്യമാണ്. അത് ജെഡിഎസിനെക്കാളും ഇടത് മുന്നണിക്ക് പ്രധാനമാണെന്നും സൂക്ഷിക്കേണ്ടതുണ്ട് എന്നുമുള്ള ധാരണയാണ് ഉന്നതലതലത്തിലുള്ളത്. ഇതിന് ഏറ്റവും പറ്റിയ സാഹചര്യം ഉടനടി നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയാണെന്നും നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഇതാണ് ജെഡിഎസിൻ്റെ ഏക മന്ത്രിയുടെ ഭാവി തുലാസിലാക്കുന്നത്.
നൂറുകണക്കിന് സ്ത്രീകളെ പീഡിപ്പിച്ച് പ്രജ്വൽ തന്നെ ചിത്രീകരിച്ച മൂവായിരത്തോളം വീഡിയോകൾ പുറത്ത് വന്നതോടെയാണ് കർണാടകയിലെ വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം അയാൾ രാജ്യം വിട്ടത്. ജോലിക്കാരനും സന്തത സഹചാരിയുമായിരുന്ന ആളാണ് വീഡിയോകൾ പുറത്ത് വിട്ടത്. ഇതോടെ സ്വന്തം പാർട്ടിയുടെ വനിതാ നേതാക്കളും പോലീസുകാരും സാധാരണക്കാരും അടക്കം സ്ത്രീകൾ അപമാന ഭാരത്താൽ നാടു വിട്ടുപോകുന്ന ദയനീയ സ്ഥിതി ആയിരുന്നു പ്രജ്വലിൻ്റെ മണ്ഡലമായ ഹാസനിൽ. സ്വന്തം വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്ന അമ്മയുടെ പ്രായമുള്ള സ്ത്രീയെ അടക്കം ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിൽ ഉൾപ്പെട്ടിരുന്നു. പരാതിയുള്ളവർക്ക് അതുമായി മുന്നോട്ട് വരാൻ ധൈര്യം പകരാനും, അവരുടെ മാനസികാഘാതം കൈകാര്യം ചെയ്യാനുമായി ഹെൽപ് ലൈൻ സംവിധാനം അടക്കം കർണാടക പോലീസ് തുടങ്ങിയിരുന്നു. ഇത്തരമൊരു കേസിൽ വിദൂരമായെങ്കിലും ആക്ഷേപം കേൾക്കാനിട വരുന്ന സാഹചര്യം കേരളത്തിലെ എൽഡിഎഫിന് താങ്ങാവുന്നതല്ല. ഇതുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങൾ മന്ത്രി കൃഷ്ണൻകുട്ടിയോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ച സ്വന്തം പാർട്ടിക്കാരിൽ ഒരാൾക്കെതിരെ പോലീസിൽ പരാതി നൽകി കേസാക്കിയ മന്ത്രിയുടെ നടപടിയോടെയാണ് ഇതിൻ്റെ ചില സൂചനകൾ ഇടത് നേതാക്കളുടെ ശ്രദ്ധയിലേക്ക് വന്നത്. കൊല്ലത്തെ ജെഡിഎസ് നേതാവ് കൊട്ടിയം നൈസാമിനെ പ്രതിയാക്കി തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് ഈമാസം 22ന് റജിസ്റ്റർ ചെയ്ത കേസിൻ്റെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here