സ്വത്ത് സമ്പാദനക്കേസ്: കെ.എം ഷാജിയുടെ 47 ലക്ഷം തിരിച്ചുകൊടുക്കണമെന്ന് കോടതി, വിജിലന്‍സ് പിടിച്ചെടുത്ത പണം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിക്ക് അനുകൂല വിധി. വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു നല്‍കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം നടത്തിയത്.

ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച്‌ ഉത്തരവിട്ടത്. സിപിഎം പ്രവത്തകനായ അഭിഭാഷകന്‍ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് റെയ്ഡ് നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് അരക്കോടിയോളം രൂപ വിജിലന്‍സ് റെയ്ഡ് ചെയ്ത് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് പിടികൂടിയത് എന്നായിരുന്നു ഷാജിയുടെ വാദം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. പിരിച്ച തുകയേക്കാള്‍ കൂടുതല്‍ പണം പല രസീതുകളിലും കണ്ടെത്തിയിരുന്നു.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

വിവാദങ്ങൾക്ക് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്നും കെഎം ഷാജി കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ ജയിക്കാനായില്ല. സിപിഎം സ്ഥാനാർത്ഥിയായ കെവി സുമേഷ് മണ്ഡലത്തിൽ മികച്ച വിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം കൂടിയായിരുന്നു ഇത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top