വി മുരളീധരൻ തരം താഴ്ന്ന രാഷ്ട്രീയക്കളി നടത്തുന്നെന്ന് കെ മുരളീധരൻ; കേന്ദ്ര സഹമന്ത്രിക്ക് ഡൽഹിയിൽ ഫയൽ പോലും കിട്ടാറില്ല, ഇവിടെ വന്ന് പത്രാസ് കാണിക്കേണ്ടതില്ല
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് വി മുരളീധരനെതിരെ കെ മുരളീധരൻ്റെ ആരോപണം. തരംതാഴ്ന്ന രാഷ്ട്രീയ കളിയാണ് വന്ദേ ഭാരതത്തിന്റെ ഉദ്ഘാടന വേദിയിലും തുടർന്നുള്ള യാത്രയിലും ശ്രീ മുരളീധരന്റെ നേതൃത്വത്തിൽ നടന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. ഉണ്ണിത്താനും പിന്നെ താനും ലോക്സഭയിൽ സബ്മിഷൻ വഴി പുതിയ ട്രെയിൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ എല്ലാ നേട്ടങ്ങളും വി മുരളീധരന്റെ മാത്രം കഴിവു കൊണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമം. കേന്ദ്ര സഹമന്ത്രിമാർക്ക് ഡൽഹിയിൽ എന്താണ് അവസ്ഥയെന്ന് അറിയാം. ഫയൽ പോലും കിട്ടാറില്ല. എന്നിട്ട് ഇവിടെ വന്ന് പത്രാസ് കാണിക്കരുതെന്ന് മുരളീധരൻ പറഞ്ഞു.
ആറരയ്ക്ക് എറണാകുളത്ത് എത്തിയ വന്ദേ ഭാരം ആലപ്പുഴയിലെത്താൻ 8 മണിയായി. ഓരോ സ്റ്റേഷനിലും ലോക്കൽ ട്രെയിൻ എന്ന പോലെ സ്റ്റോപ്പ് അനുവദിച്ച് സ്വീകരണം നൽകി. രണ്ടു മിനിറ്റ് സ്റ്റോപ്പ് ഉള്ളത് വി മുരളീധരന് ആദരവ് നൽകാൻ 10 മിനിറ്റ് ആക്കി കൂട്ടി. ഉദ്യോഗസ്ഥർ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കേരളത്തിന്റെ എംഎൽഎയോ എംപിയോ ആയി ഇവിടെ സ്വീകരണം ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാകും ഈ പേരിൽ സ്വീകരണം വാങ്ങിയത്. പ്രവർത്തകർ കൊടിയുമായി ട്രെയിനിലേക്ക് തള്ളിക്കയറി. ട്രെയിനിന്റെ ഗ്ലാസിൽ കൊടികൊണ്ടും കൈകൊണ്ടും തട്ടി. ഇന്നലെ തന്നെ ട്രെയിനിൽ ഗ്ലാസ്സുകൾ പൊട്ടും എന്നാണ് കരുതിയത്.
കേരളത്തിലെ എംപിമാരുടെ സബ്‌മിഷൻ മറുപടി കിട്ടുമ്പോൾ വി മുരളീധരന്റെ പേര് മാത്രം ലോകസഭയിൽ പറയണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . ഇക്കാര്യം കേന്ദ്രമന്ത്രി തന്നെയാണ് പറഞ്ഞത്. അദ്ദേഹം അറിയാതെ കേരളത്തിലെ ഒരു പദ്ധതിയും അനുവദിക്കരുതെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. കെ രാജഗോപാൽ മന്ത്രിയായിരുന്ന സമയത്താണ് ജനശതാബ്ദിയും ഇന്റർസിറ്റിയും കേരളത്തിൽ കൊണ്ടുവന്നത്. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇന്നലത്തെ ചടങ്ങ് ക്ഷണിച്ചുവരുത്തിയിട്ട് എംഎൽഎയെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. പ്രധാനമന്ത്രി ഓൺലൈനിൽ ആയി നിർവഹിച്ചു ചടങ്ങിൽ എംഎൽഎ സംസാരിക്കുന്നതിൽ പ്രശ്നമില്ല മുൻപും ഇത്തരത്തിലുള്ള ചടങ്ങുകൾ ഇവിടെ നടന്നിട്ടുണ്ട്. അരങ്ങിന്റെ മുന്നിലും പിന്നിലും കളിക്കുന്നത് വി മുരളീധരൻ തന്നെയാണ് – കെ മുരളീധരൻ പറഞ്ഞു.