ഇടഞ്ഞുനില്‍ക്കുന്ന മുരളീധരനെ അനുനയിപ്പിക്കാന്‍ നീക്കം; മികച്ച പദവി നല്‍കിയേക്കും; തൃശൂര്‍ പരാജയം ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് വേണുഗോപാല്‍

പാര്‍ട്ടി പറഞ്ഞിട്ടാണ് തൃശൂര്‍ ലോക്സഭാ സീറ്റില്‍ മത്സരിച്ചതെന്നും പൊതുരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്നും പറഞ്ഞ് തോല്‍‌വിയില്‍ വൈകാരികമായി പ്രതികരിച്ച കെ.മുരളീധരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി. മികച്ച പദവി നല്‍കി അനുനയിപ്പിക്കാനാണ് നീക്കം. അതിനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃതലത്തില്‍ തുടക്കമിട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷനായോ, യുഡിഎഫ് കണ്‍വീനറായോ പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ നിന്നും തന്നെ ഉയര്‍ന്നിട്ടുണ്ട്.

തൃശൂരിലെ മുരളീധരന്റെ തോല്‍വി പരിശോധിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞത്. “എന്താണ് സംഭവിച്ചത് എന്ന് ഗൗരവമായി അന്വേഷിക്കും. അതിന് അനുസൃതമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയായതിനാല്‍ തോല്‍വി പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.” – വേണുഗോപാല്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷപദവി, യുഡിഎഫ് കൺവീനർ എന്നീ പദവികള്‍ക്കെല്ലാം അനുയോജ്യനായ നേതാവാണ്‌ മുരളി. മുന്‍പ് കെപിസിസി അധ്യക്ഷനായിരുന്നു. മുരളീധരൻ മികച്ച ഫൈറ്ററാണെന്നും അദ്ദേഹത്തെ ഒപ്പം നിർത്തണമെന്നും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് എംഎല്‍എയായി തുടരുമ്പോഴാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ മുരളീധരന്‍ പോയത്. വടകര സീറ്റ് ഇടതുമുന്നണിയില്‍ കഴിഞ്ഞ തവണ പിടിച്ചെടുക്കാനും മുരളിക്ക് കഴിഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവുമായുള്ള ആത്മബന്ധവും മുരളി അവസാനിപ്പിച്ചിട്ടുമില്ല. വട്ടിയൂര്‍ക്കാവ് സീറ്റ് ഇടതുമുന്നണിയില്‍ പിടിച്ചെടുക്കാന്‍ അനുയോജ്യനായ നേതാവായി കാണുന്നതും മുരളീധരനെ തന്നെയാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് മുരളീധരനെ അടുപ്പിച്ച് നിര്‍ത്തണമെന്ന് പാര്‍ട്ടിയില്‍ നിന്നും ആവശ്യമുയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top