സന്ദീപ് വാര്യരുടെ വരവിനെ എതിര്‍ത്തിരുന്നു എന്ന് മുരളീധരന്‍; അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമായതിനാല്‍
ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയതില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. സന്ദീപ് വാര്യരുടെ ബിജെപി പ്രവേശനത്തെ താന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എടുത്ത തീരുമാനമായതിനാല്‍ അംഗീകരിക്കുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.
“സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ എത്തിയാലും തീരുമാനത്തെ സ്വാഗതം ചെയ്യും. ബിജെപിയില്‍ നിന്നും ചില കൗണ്‍സിലര്‍മാര്‍ വരും എന്ന് വാര്‍ത്തയുണ്ട്. അതിനെയും സ്വാഗതം ചെയ്യുന്നു. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച ആളാണ്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ രണ്ട് കാരണങ്ങളാലാണ് സന്ദീപ് വരുന്നതിനെ എതിര്‍ത്തത്.”
“പാര്‍ട്ടി ഒരു നിലപാട് എടുത്തു. ഇന്നലെ മുതല്‍ അദ്ദേഹം കോണ്‍ഗ്രസുകാരനായി. പാണക്കാട് തങ്ങളെ കണ്ടതോടെ അദ്ദേഹം യുഡിഎഫുകാരനുമായി. ഇനി അതിനെക്കുറിച്ച് ചര്‍ച്ചയില്ല.” – മുരളീധരന്‍ പറഞ്ഞു.
ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന സമയത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ സന്ദീപ് വാര്യര്‍ കടന്നു വരികയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ത്രിവര്‍ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസുമായി തുടര്‍ചര്‍ച്ചകള്‍ ഈ കാര്യത്തില്‍ മുന്‍പ് തന്നെ നടന്നിരുന്നുവെങ്കിലും തീരുമാനം കോണ്‍ഗ്രസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here