ആലത്തൂരിൽ രാധാകൃഷ്ണൻ തന്നെ; ബാലനിലേക്ക് പോയ സ്ഥാനാർത്ഥി പരിഗണന തിരികെ വരുന്നത് ജില്ലാ കമ്മറ്റിയുടെ താൽപര്യപ്രകാരം

പാലക്കാട്: കറങ്ങിത്തിരിഞ്ഞ് ആലത്തൂർ ലോക്സഭാ മണ്ഡലം വീണ്ടും മന്ത്രി കെ.രാധാകൃഷ്ണനിലേക്ക് തന്നെ എത്തുന്നു. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം കൂടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആലത്തൂരിലേക്ക് ആദ്യം പരിഗണിച്ച പേര് രാധാകൃഷ്ണൻ്റെ ആയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകാനുള്ള ശ്രമം സെക്രട്ടേറിയറ്റിൽ തന്നെ രാധാകൃഷ്ണൻ നടത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ കടുത്ത പ്രമേഹം അടക്കമുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ നേരിൽ ബോധിപ്പിച്ച് ഒഴിവാകാനായിരുന്നു ശ്രമം. ഇതോടെയാണ് എകെ ബാലനിലേക്ക് ആലോചനകൾ എത്തിയത്.

രാധാകൃഷ്ണൻ്റെ ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചാൽ പകരം ആലത്തൂരിൽ ബാലൻ സ്ഥാനാർത്ഥി ആകുമെന്ന് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാധാകൃഷ്ണന് വേണ്ടി പാലക്കാട് ജില്ലാ കമ്മറ്റി ചെലുത്തിയ സമ്മർദ്ദമാണ് നിർണായകമായത്. തികച്ചും സാധാരണക്കാരി എന്ന മട്ടിൽ ജനകീയ ഇമേജ് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന രമ്യ ഹരിദാസിനെ നേരിടാൻ അതിലും ജനകീയ മുഖമുള്ള രാധാകൃഷ്ണൻ തന്നെയാണ് ഇറങ്ങേണ്ടത് എന്നായിരുന്നു ജില്ലയിലെ നേതാക്കളുടെ താൽപര്യം. കഴിഞ്ഞ തവണ തീർത്തും പ്രതീക്ഷിതമായി കൈവിട്ടുപോയ മണ്ഡലം ഏത് വിധേനയും തിരിച്ചു പിടിച്ചേ മതിയാകൂ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇതിന് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു.

സർക്കാരിലെ ഏറ്റവും ജനകീയനായ മന്ത്രി എന്ന നിലക്കുള്ള പ്രതിച്ഛായ രാധാകൃഷ്ണന് ഉണ്ട്. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്നതും പരിഗണിച്ചാൽ പിണറായി വിജയനോളം തന്നെ പരിചയ സമ്പന്നൻ. സംഘടനാ രംഗത്തും വേണ്ടുവോളം പ്രവൃത്തി പരിചയമുണ്ട്. നിലവിൽ സിപിഎം കേന്ദ്ര കമ്മറ്റിയംഗവും പട്ടികജാതി ക്ഷേമസമിതിയുടെ അഖിലേന്ത്യാ പ്രസിഡൻ്റുമാണ്.

സിറ്റിംഗ് എംപി കോണ്‍ഗ്രസിലെ രമ്യ ഹരിദാസ് തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി എന്ന കണക്കുകൂട്ടലിലാണ് സിപിഎം നീക്കം. കഴിഞ്ഞ തവണ അട്ടിമറി വിജയമാണ് രമ്യ നേടിയത്. 1.58 ലക്ഷത്തിലേറെ വോട്ടിനായിരുന്നു വിജയം. രമ്യ 5,33,815 വോട്ട് നേടിയപ്പോള്‍ പികെ ബിജു വെറും 3,74,847 വോട്ട് മാത്രം നേടി തീര്‍ത്തും നിരാശപ്പെടുത്തി.

2021ലെ നിയമസഭാഫലം നോക്കിയാല്‍ തീര്‍ത്തും ഇടതു സ്വഭാവമുള്ള മണ്ഡലം. ഏഴിൽ ഒരു മണ്ഡലത്തിൽ പോലും യുഡിഎഫ് വിജയിച്ചിട്ടില്ല. ലോക്സഭയിലേക്ക് പികെ ബിജുവിനെ രണ്ട് തവണ വിജയിച്ച മണ്ഡലവുമാണ്. പാര്‍ട്ടിയിലെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കഴിഞ്ഞ തവണയും മത്സരിപ്പിച്ചത്. ഇത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണനിലേക്കും ബാലനിലേക്കും ആലോചന പോയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top