കെ.വി.തോമസിനെ മുഖ്യമന്ത്രി വി.മുരളീധരന്റെ അടുത്തയച്ചു; കെ റെയിൽ ഏത് വിധേനയും ധാരണയാക്കാൻ ശ്രമം; റെയില്‍വേ ബോര്‍ഡിന്‍റെ പുതിയ നീക്കം എന്തിന്റെ സൂചന?

k rail

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നുവെന്ന പ്രതീതിയാണ് ഇടക്കാലത്ത് ഉണ്ടായത്. എന്നാൽ ഡല്‍ഹിയിൽ കെ വി തോമസിൻ്റെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിൻ്റെ ഭാഗമാണ് കേന്ദ്ര റെയിൽവേ ബോർഡിൻ്റെ പുതിയ നീക്കം. കെ റെയിൽ കമ്പനിയുമായി അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാണ് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് അടക്കം സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ റിപ്പോർട്ട് അയച്ചതിന് പിന്നാലെയുണ്ടായ ബോർഡിൻ്റെ ഈ ഇടപെടൽ അസാധാരണം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റെയില്‍വേ ബോര്‍ഡില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതിൻ്റെ ഫലമാണ് ഇപ്പോഴത്തെ നീക്കമെന്ന് കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറയുന്നു. ഡിറ്റെയില്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) ആദ്യമേ റെയില്‍വേ ബോര്‍ഡിനു കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ ബോര്‍ഡ്, ദക്ഷിണ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി. പ്രതികരണം രേഖപ്പെടുത്തി അത് സംസ്ഥാനത്തിന് തിരിച്ച് നല്‍കട്ടെ. അതിനു ശേഷം അടുത്ത നീക്കം നടത്തും-കെ.വി.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരനെ താൻ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തനിക്ക് വെളിപ്പെടുത്താൻ കഴിയില്ല. അത് വെളിപ്പെടുത്തേണ്ടത് മുരളീധരൻ ആണെന്നും കെ.വി.തോമസ്‌ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് വന്ന കെ.വി.തോമസിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാക്കിയത് തന്നെ ഈ പദ്ധതികള്‍ ലക്ഷ്യംവെച്ചാണ്. കെ റെയിലിനോടുള്ള ബിജെപി സംസ്ഥാന ഘടകത്തിൻ്റെ എതിര്‍പ്പ് കുറയ്ക്കാന്‍ കെ.വി.തോമസിൻ്റെ ഇടപെടൽ ഉപകരിക്കുമെന്ന് സർക്കാരിന് പ്രതീക്ഷയുണ്ട്. അതുവഴി കേന്ദ്രത്തിൽ നിന്നും അനുകൂല നിലപാട് നേടിയെടുക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.

കേന്ദ്ര റെയില്‍വേമന്ത്രാലയത്തിൻ്റെ സമീപനം ഇതുവരെ പ്രോജക്ടിന് അനുകൂലമല്ല. കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേന്ദ്രം അനുവദിക്കുന്നത് കെ റെയിലി ൻ്റെ പ്രസക്തി കുറച്ച് കാട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയം സര്‍ക്കാരിനുണ്ട്. പക്ഷെ വന്ദേഭാരതിന്റെ സ്വീകാര്യത ചൂണ്ടിക്കാട്ടിയാണ് കെ.റെയില്‍ വാദവും സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

കെ റെയില്‍ പ്രോജക്റ്റ് കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി ച‌ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്‌ടോബർ 18ന് റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേയ്ക്ക് കത്ത് നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ മറുപടിയില്‍ ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് വീണ്ടും ച‌ർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചത്. അസാധാരണമായ ഈ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top