24 രൂപക്ക് കെ റൈസ് നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി; ഭാരത്‌ അരി ഇറക്കിയ കേന്ദ്രത്തിനുള്ള തിരിച്ചടി ഇങ്ങനെ; തുക കണ്ടെത്താനുള്ള ശ്രമത്തില്‍ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന ‘ഭാരത്‌ അരി’ക്ക് പകരം ‘കെ റൈസ്’ ഇറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഭാരത്‌ അരി 29 രൂപക്ക് നല്‍കുമ്പോള്‍ ‘കെ റൈസ്’ 24 രൂപക്ക് നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പക്ഷെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എങ്ങനെ അരി വാങ്ങി വിതരണം ചെയ്യാന്‍ കഴിയുമെന്നതാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിലെ ആലോചന. ഭാരത് അരി കേരളത്തില്‍ വിതരണം തുടങ്ങിയതോടെ തന്നെ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ നേതൃത്വത്തില്‍ കെ റൈസ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

ഭാരത് അരി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുകയാണെന്ന പരാതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ പൊതുവിതരണസംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് കേന്ദ്രം അരി വിതരണം നടത്തുന്നതെന്നും കേരളത്തിന് ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാനാണ് കേരള ബ്രാന്‍ഡിംഗില്‍ കെ റൈസ് ഇറക്കാന്‍ നീക്കം നടത്തുന്നത്.

“പ്രായോഗിക പ്രശ്നങ്ങള്‍ മറികടന്ന് എങ്ങനെ കെ റൈസ് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത്. ആന്ധ്രയില്‍ നിന്നും സപ്ലൈകോ വഴി അരി കൊണ്ടുവന്ന ശേഷം വിതരണം നടത്താനാണ് ആലോചന. മുന്‍ഗണനേതര വിഭാഗത്തിന് അനുവദിക്കുന്ന അരിയില്‍ നിന്നും കെ റൈസ് ആയി നല്‍കാന്‍ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ട്.”-ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഫുഡ് കോർപറേഷനിൽ നിന്നു 24 രൂപയ്ക്കു ലഭിക്കുന്ന അരിയാണ് കേന്ദ്ര ഏജൻസികൾ വഴി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ‘ഭാരത് അരി’യായി വിതരണം ചെയ്യുന്നത്. മുൻപ് ഒഎംഎസ്എസ് വഴി കേരളത്തിനു ലഭിച്ചിരുന്ന അരി സപ്ലൈകോ വഴി 24 രൂപയ്ക്കു വിതരണം ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ഒരു സംസ്ഥാന സർക്കാരിനും ഏജൻസിക്കും ഈ അരി കേന്ദ്രം അനുവദിക്കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top