‘കെ-റൈസ് എത്തിക്കുന്നത് നഷ്ടം സഹിച്ച്’; ജനങ്ങൾക്ക് 11 രൂപ സബ്സിഡി നൽകും, കേന്ദ്രം ഭാരത് റൈസ് വിൽക്കുന്നത് ലാഭം ഉണ്ടാക്കാൻ- മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെ റൈസ് വിപണിയിൽ എത്തിക്കുന്നത് കിലോയ്ക്ക് 10 മുതൽ 11 രൂപ വരെ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കിലോയ്ക്ക് 40 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരി സബ്സിഡി നിരക്കിൽ 29 രൂപയ്ക്കാണ് വിപണിയിൽ എത്തിക്കുന്നത്. പൊതുജന ക്ഷേമം മുൻ നിർത്തിയാണ് സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രസർക്കാർ ഭാരത് റൈസ് വിൽക്കുന്നത് ലാഭമുണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 18 രൂപക്ക് വാങ്ങുന്ന അരി കേന്ദ്രം വിപണിയിൽ വിൽക്കുന്നത് 29 രൂപയ്ക്കാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതോടെ സംസ്ഥാനത്തിന് ലഭിക്കാനുള്ള ഭക്ഷ്യ ധാന്യത്തിന്റെ വിഹിതത്തിൽ 2 ലക്ഷം ടൺ കുറവ് ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് കിലോ കെ റൈസിനൊപ്പം ബ്രാൻഡ് ചെയ്യാത്ത അഞ്ച് കിലോ അരി കൂടി ഉപഭോക്താവിന് ലഭിക്കും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അരി ലേലത്തിനെടുക്കുന്നതിൽ നിന്ന് സപ്ലൈകോയെ വിലക്കിയത് ഫെഡറൽ സമീപനത്തിന് എതിരാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഇന്ന് മുതല്‍ സപ്ലൈകോയില്‍ കെ റൈസ് ലഭ്യമാകും. തെക്കന്‍ ജില്ലകളില്‍ മട്ട, ജയ ഇനങ്ങളിലെ അരിയും വടക്കന്‍ ജില്ലകളില്‍ കുറുവ ജയ ഇനത്തില്‍പ്പെട്ടവയും ആയിരിക്കും ലഭിക്കുന്നത്. ഈ മാസം അവസാനത്തോടെ പതിമൂന്നിന സബ്സിഡി സാധനങ്ങളും സപ്ലൈകോയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here