ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്ക്കരിച്ച് കോണ്‍ഗ്രസ് മുൻ എംഎല്‍എ; പ്രചാരണത്തില്‍ പങ്കെടുക്കും; ബിജെപിയിലേക്കില്ലെന്നും ശിവദാസൻ നായർ

പത്തനംതിട്ട: ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ. ശിവദാസൻ നായർ വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിന്നാണ് അദ്ദേഹം മാറിനിന്നത്. നേതൃത്വം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം എന്നാണ് സൂചന.
സംഭവം വിവാദമായി തുടരവേ അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് സംസാരിച്ചു. “തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടില്ല എന്നത് വാസ്തവം. അതിനു പ്രത്യേകിച്ച് കാരണമൊന്നുമില്ല. പക്ഷെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. ബിജെപിയില്‍ പോകാനൊന്നും ഉദ്ദേശമില്ല. എന്നെക്കുറിച്ച് ഒരിക്കലും അങ്ങനെ ഒരാരോപണം ഉയരുകയില്ല. ഞാന്‍ എല്ലാ കാലവും കോണ്‍ഗ്രസുകാരനായി തുടരും. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. എനിക്ക് ഇപ്പോള്‍ ഒരു ഗ്രൂപ്പുമായും ബന്ധമില്ല.” -ശിവദാസന്‍ നായര്‍ പറഞ്ഞു.
ശിവദാസന്‍ നായര്‍ കുറച്ചുകാലമായി കടുത്ത അതൃപ്തിയിലാണ്. എ ഗ്രൂപ്പിനെ നിരന്തരം അവഗണിക്കുന്നതിലും അമര്‍ഷമുണ്ട്. എന്നാല്‍ ശിവദാസന്‍ നായരുടേതു സമ്മർദ തന്ത്രമാണെന്നും അടുത്തകാലത്തായി പരിപാടികളിലൊന്നും സഹകരിക്കുന്നില്ലെന്നുമാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here