ബിജെപിയുടേത് യൂദാസിന്റെ ചുംബനമാണെന്ന് കെ.സുധാകരന്‍; മണിപ്പൂർ കലാപത്തിൽ തനിരൂപം കണ്ടതാണ്

തിരുവനന്തപുരം: ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളൂ സംഘപരിവാറിനെന്നും സുധാകരന്‍ പറഞ്ഞു.
റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടന്നപ്പോള്‍ ഓടിയൊളിച്ച് ആട്ടിന്‍തോലിട്ട ചെന്നായയുടെ തനിരൂപം പ്രദര്‍ശിപ്പിച്ചു. മണിപ്പൂരിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാരങ്ങളുടെ ആക്രമണം തുടരുന്നതിനിടയിലാണ് കേരളത്തില്‍ മാത്രം അവര്‍ വീണ്ടും സ്പെഷ്യല്‍ ന്യൂനപക്ഷപ്രേമം വിളമ്പുന്നത്.
ഏഴ് മാസമായി മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും നൂറുകണക്കിനു പേരെ കൊന്ന് കുക്കി ഗോത്രവര്‍ഗ ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍ സ്നേഹയാത്രയുമായി രാഹുല്‍ ഗാന്ധി എത്തിയതോടെയാണ് വിഷയം ദേശീയശ്രദ്ധയില്‍ വന്നത്. ഡീന്‍ കുര്യാക്കോസ് എംപി, ഹൈബി ഈഡന്‍ എന്നിവരാണ് അവിടെ ആദ്യം കാലുകുത്തിയത്.
15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ കലാപം ഉണ്ടായിട്ടില്ല. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭൂമിയായത്. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെയുള്ള ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിത്. മണിപ്പൂരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍നിന്ന് കേരളത്തിന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ബിജെപിക്ക് നില്‍ക്കാനൊരിടം കിട്ടിയാല്‍ ഒട്ടകത്തിന് തലചായ്ക്കാന്‍ ഇടംകൊടുത്തത് പോലെ ആകുന്നതാണ് ചരിത്രമെന്ന് സുധാകരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here