ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സുധാകരന്‍

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. യുഡിഎഫിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ആക്ഷേപം.

കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ ഇന്ന് റിപ്പോർട്ടർ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വർഗീയ പ്രചാരണം തുടർന്ന് പോകാമെന്നാണ് വിചാരമെങ്കിൽ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സുധാകരന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ പ്രിയപ്പെട്ട പ്രവർത്തകരോട്…

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ ഏറ്റവും മ്ലേച്ഛമായ വർഗ്ഗീയ പ്രചാരണങ്ങൾ നടത്തിയ റിപ്പോർട്ടർ ചാനലിനോടുള്ള നിങ്ങളുടെ വികാരം പാർട്ടി മനസ്സിലാക്കുന്നു. നേതൃത്വം അതിനെ മാനിക്കുന്നു.

തീവ്ര വർഗീയത പടർത്തുന്ന സിപിഎംപോലുള്ള പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ റിപ്പോർട്ടർ ചാനൽ നടത്തുന്ന പ്രവർത്തനങ്ങളോട് ശക്തമായ പ്രതിഷേധം കോൺഗ്രസ്‌ രേഖപ്പെടുത്തുന്നു. അച്ഛനെ ചുട്ടുകൊല്ലാൻ ശ്രമിച്ചവരുടെ കൂടെ കൂടി മകൻ തുടങ്ങിയ വാർത്ത ചാനലിൽ നിന്ന് കൂടുതലൊന്നും നാട് പ്രതീക്ഷിക്കുന്നില്ല. പക്ഷെ നിഷ്പക്ഷ മേലങ്കി വലിച്ചെറിഞ്ഞ്‌, ചെയ്തുകൊണ്ടിരുന്ന അടിമപ്പണി സ്ഥിരം തൊഴിലാക്കി അദ്ദേഹം പുറത്തോട്ട് പോയിട്ടും, ചാനലിന് ‘നല്ല’ മാറ്റങ്ങളൊന്നും സംഭവിച്ചില്ല എന്ന് ഞങ്ങൾ മനസിലാക്കുന്നു.

കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണത്തിൽ പോലും ജാതീയ വിഷം കലർത്താൻ ശ്രമിച്ച അധമജന്മങ്ങൾ ഇന്ന് റിപ്പോർട്ടർ ചാനലിന്റെ സ്വത്താണ്. അത്തരക്കാരിലൂടെ, സിപിഎമ്മിന് വേണ്ടിയുള്ള വർഗ്ഗീയ പ്രചാരണം തുടർന്ന് പോകാമെന്നാണ് വിചാരമെങ്കിൽ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

ഐക്യ ജനാധിപത്യമുന്നണിയെ അപമാനിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ചതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.വ്യാജ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ റിപ്പോർട്ടർ ചാനൽ തയ്യാറാകാത്ത പക്ഷം ചാനലുമായി സഹകരിക്കുന്ന കാര്യം പാർട്ടി പുന:പരിശോധിക്കും.

കെ സുധാകരൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top