‘സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞിട്ടില്ല’; തിരുത്തി സുധാകരന്‍

പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാള്‍ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുമെന്ന് അഭിപ്രായപ്പെട്ടതെന്ന് കെ സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായാണ് ഈ പ്രസ്താവന വാർത്തയായി പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. 

”ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല”, സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, പുതുപ്പള്ളിയിൽ ആര് മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നാണ് മുസ്ലിംലീഗ് നിലപാട്. കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ലീഗ് പിന്തുണ നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരം ഒഴിവാക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തില്‍ തെറ്റുകാണുന്നില്ലെന്നും, സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളെന്നും പിഎംഎ സലാം പറഞ്ഞു.

എന്നാല്‍, ഉമ്മൻചാണ്ടിയോടുള്ള ആദരവെന്ന നിലയില്‍ എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തെ എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ തള്ളി. സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്നും കോൺഗ്രസ് അങ്ങനെ ചെയ്ത പാരമ്പര്യം പറയാമോ എന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷം ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉപതരെഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ചർച്ചചെയ്ത പശ്ചാത്തലത്തില്‍ മത്സരം മുന്നോട്ടുവയ്ക്കാന്‍ തന്നെയാണ് സിപിഐഎം നീക്കമെന്നാണ് റിപ്പോർട്ടുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top