ജാവഡേക്കറിന് ചായ കുടിക്കാന്‍ ജയരാജന്റെ വീട് ചായക്കടയാണോ എന്ന് സുധാകരന്‍; ജയരാജനെ ഒതുക്കാന്‍ ഒരു വിഭാഗത്തിന് ആഗ്രഹം; മനസിലുള്ളത് മായ്ച്ച് കളയാനാകാത്ത പ്രതികാരം

കണ്ണൂര്‍: ബിജെപിയിലേക്ക് പോകാന്‍ ഇ.പി.ജയരാജന്‍ ചര്‍ച്ച നടത്തി എന്ന ആരോപണം വന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാത്തതിനാലാണ് താന്‍ പ്രതികരിച്ചതെന്ന് കെ.സുധാകരന്‍. തനിക്ക് കിട്ടിയ വിവരങ്ങള്‍ യാഥാര്‍ത്ഥ്യവും സത്യസന്ധവുമാണെന്ന് വിശ്വസിക്കുന്നു. എന്ത് നടപടി വന്നാലും കാര്യമാക്കുന്നില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
“ഇ.പി.ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള കച്ചവടം നടന്നു. ജയരാജന്റെ റിസോര്‍ട്ട് വെറുതെ കൊടുത്തതല്ല. ഇപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്നു താത്പര്യമില്ല. പ്രകാശ് ജാവഡേക്കറിനെ കണ്ടെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രകാശ് ജാവഡേക്കറിന് ചായ കുടിക്കാന്‍ ഇ.പി.ജയരാജന്റെ വീട് ചായക്കടയാണോ? പൂര്‍വകാല ബന്ധമില്ലാത്ത ഒരാള്‍ ചായ കുടിക്കാന്‍ മറ്റൊരു വീട്ടില്‍ പോകുമോ? മരുന്ന് കഴിക്കാത്തതുകൊണ്ട് ഞാനല്ലല്ലോ കിടക്കുന്നത് ജയരാജനാണ്. അസുഖത്തിനുള്ള മരുന്നൊന്നും ഞാന്‍ കഴിക്കുന്നില്ല.”
“മുഖ്യമന്ത്രിയും ജയരാജനും തമ്മില്‍ പ്രശ്നമുണ്ട്. ജയരാജനെ പാര്‍ട്ടി പരിഗണിച്ചില്ല എന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. പാര്‍ട്ടി ഫോറത്തില്‍ അത് പറഞ്ഞിട്ടുണ്ട്. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ല. ജയരാജനെ ഒതുക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മാറിനിന്നത്. മായ്ച്ച് കളയാനാകാത്ത പ്രതികാരം ജയരാജന്‍റെ മനസിലുണ്ട്. ഞാന്‍ പറഞ്ഞതിന്റെ ഒരു പകുതി മുഖ്യമന്ത്രി പറഞ്ഞില്ലേ ? ജയരാജന് എന്ത് രാഷ്ട്രീയ തീരുമാനം വേണമെങ്കിലും കൈക്കൊള്ളാം. അത് പറയാനുള്ള സ്വാതന്ത്യം ഞങ്ങള്‍ക്കുണ്ട്. ഒരു പാട് രാഷ്ട്രീയ നേതാക്കള്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് പോയിട്ടുണ്ട്.” – സുധാകരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here