ഒന്നിച്ചു വാർത്താസമ്മേളനം, ഒറ്റക്കെട്ടെന്ന് തുടരെ പ്രഖ്യാപനം; ഒടുക്കം മൈക്ക് തട്ടിപ്പറിക്കലും തെറിവിളിയും; ചരിത്രത്തിൽ ഏറ്റവും അപഹാസ്യരായി കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: കെ കരുണാകരൻ – എകെ ആൻ്റണി, എകെ ആൻ്റണി – ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി – വിഎം സുധീരൻ, ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല…. മറുപക്ഷത്ത്, വിഎസ് അച്യുതാനന്ദൻ – പിണറായി വിജയൻ, പിണറായി വിജയൻ – കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ – എംവി ഗോവിന്ദൻ…. പാർട്ടിയെയും സർക്കാരിനെയും മാറിമാറി ഭരിച്ച ഈ ദ്വന്ദ്വങ്ങളിൽ നിന്നെല്ലാം പലതുകൊണ്ടും വ്യത്യസ്തമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വം. അതിലേറ്റവും പ്രധാനം ഇവർ ഒന്നിച്ച് ജനങ്ങളെ അഭിമുഖീകരിക്കുന്ന രീതിയാണ്; കെ സുധാകരനും വിഡി സതീശനും ഒന്നിച്ച് വാർത്താസമ്മേളനങ്ങൾക്ക് ഇരിക്കുന്ന പതിവാണ്.

പറയുമ്പോൾ കെ സുധാകരനേക്കാൾ ഒരുപാട് ജൂനിയറാണ് വിഡി സതീശൻ. പ്രായം കൊണ്ടും, പാർലമെൻ്ററി രംഗത്തും സംഘടനാരംഗത്തുമുള്ള പ്രവൃത്തിപരിചയം കൊണ്ടും. എന്നുവച്ച് അത് തെറിവിളിക്കാനുള്ള ലൈസൻസാണോ എന്ന് ചോദിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടി എത്തിനിൽക്കുന്നത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യം പാർട്ടിക്കാർക്കിടയിൽ രഹസ്യം അല്ലെങ്കിലും അത് പൊതുജനമധ്യത്തിൽ ‘എക്സ്പോസ്ഡ്’ ആയി പാർട്ടി തന്നെ അപഹാസ്യമാകുന്ന വിധത്തിലേക്ക് വളർന്നത് തീർത്തും അപ്രതീക്ഷിതമായാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിൻ്റെ ശോഭ കെടുത്തിയ ആ പ്രകടനത്തിലെ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, ക്യാമറകളും മൈക്കുകളുമെല്ലാം മുന്നിലുണ്ടെന്ന അവസ്ഥയിൽ പോലും ഉള്ളിലെ അനിഷ്ടം മറച്ചുവയ്ക്കാൻ ഇരുവർക്കും കഴിയുന്നില്ല, അല്ലെങ്കിൽ ശ്രമിക്കുന്നില്ല എന്നതാണ്.

രണ്ടു പാർട്ടികളെ പോലെ അണികൾ പരസ്പരം മുണ്ടുരിഞ്ഞ് തെരുവിൽ തല്ലിയപ്പോഴും ചേരിതിരിഞ്ഞ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയ കാലത്തുമെല്ലാം നേതാക്കൾ തമ്മിൽ പരസ്പര ബഹുമാനത്തിൻ്റെ അന്തസ് പുലർത്തിയിരുന്നു. അസഭ്യമെന്നോ അശ്ലീലമെന്നോ പറയാവുന്ന ഒരുവാക്ക് പോലും ഇക്കാലത്തൊന്നും കരുണാകരൻ്റെയോ ആൻ്റണിയുടെയോ ഉമ്മൻ ചാണ്ടിയുടെയോ ചെന്നിത്തലയുടെയോ വായിൽ നിന്ന് വീണിട്ടില്ല. പാർട്ടിക്കുള്ളിലെ പ്രതിപക്ഷമായി വിഎസ് നിന്ന കാലത്തും വ്യക്തിപരമായി ആക്രമിക്കുന്ന പ്രയോഗമൊരെണ്ണം പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ധാർഷ്ട്യത്തിൻ്റെ മറ്റൊരു പേരായി പിണറായി എന്ന പദത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ച കാലത്തും, വിഎസ് പാർട്ടിയുടെ സ്വത്തെന്നാണ് രോഷം ഉള്ളിലടക്കിയെങ്കിലും വിജയൻ എന്ന പാർട്ടി സെക്രട്ടറി പറഞ്ഞത്. ഒടുവിൽ വിഎസിൻ്റെ ഒളിയമ്പുകൾക്കെതിരെ പ്രതികരിച്ച്, ഒരു പോളിറ്റ് ബ്യൂറോ അംഗം മറ്റൊരു പോളിറ്റ് ബ്യൂറോ അംഗത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ പാടില്ലായിരുന്നു, എന്നെപ്പോലെ തന്നെ പാർട്ടി അച്ചടക്കം അദ്ദേഹത്തിനും ബാധകമാണ് എന്നും മറ്റും മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് 2007ൽ ഇരുവരും പാർട്ടിയുടെ പരമോന്നത സമിതിയിൽ നിന്ന് പുറത്തായത്.

പുതുപ്പള്ളി വിജയത്തിന് പിന്നാലെ ആദ്യം സംസാരിക്കാനായി മൈക്കിന് അവകാശമുന്നയിച്ച കെപിസിസി പ്രസിഡൻ്റിൻ്റെ മുന്നിലേക്ക് മൈക്കെല്ലാം നീക്കിവയ്ക്കുകയും പിന്നീട് എത്രയെല്ലാം ചോദ്യം വന്നിട്ടും ഒരക്ഷരം ഉരിയാടാതിരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിൻ്റെ പ്രവൃത്തി ബാലിശമായെന്ന് പരക്കെ വിമർശിക്കപ്പെട്ടു. ദേശീയ മാധ്യമങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഇംഗ്ലീഷിൽ ഉയർന്ന ചോദ്യത്തിന് മുന്നിൽ പകച്ച കെ സുധാകരനെ ഒന്നിടപെട്ട് സഹായിക്കാൻ തയ്യാറാകാതിരുന്ന സതീശൻ്റെ വാശി ക്രൂരമായിപ്പോയെന്നും വിലയിരുത്തലുണ്ടായി. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ക്രെഡിറ്റ് തനിക്ക് മാത്രമായി നൽകാനൊരുങ്ങിയ സുധാകരനെ തടയാനാണ് ശ്രമിച്ചതെന്നെല്ലാമുള്ള ന്യായീകരണം തൊട്ടുപിന്നാലെ കൊണ്ടുവരാൻ ശ്രമിച്ചത് പാളിയപ്പോൾ മറ്റൊരു പൊതുയോഗത്തിൽ പ്രവർത്തകരോട് പരസ്യമായി മാപ്പുപറയാൻ സതീശൻ തയ്യാറായി. നാണക്കേട് അവിടെ തീരുമെന്ന് കരുതിയിരുന്നപ്പോഴാണ് ആലപ്പുഴയിലെ സുധാകരൻ്റെ തെറിസംബോധന.

പുതുപ്പള്ളിയിൽ നിന്ന് കെപിസിപി പ്രസിഡൻ്റ് പാഠമൊന്നും പഠിച്ചില്ലെന്ന് കുറ്റംപറയാൻ വയ്യ. വാർത്താസമ്മേളനത്തിന് എത്താൻ വൈകിയ പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി അധ്യക്ഷൻ്റെ വാക്ധോരണി തുടങ്ങുമ്പോൾ തന്നെ ഒപ്പമുണ്ടായിരുന്നവർ ഓർമിപ്പിച്ചു, മുന്നിൽ മൈക്കുണ്ട്, ക്യാമറകളുണ്ട് !! അബദ്ധം തിരിച്ചറിഞ്ഞ കെ സുധാകരൻ പിന്നെ ഒരക്ഷരം ഉരിയാടിയില്ല. പക്ഷെ അപ്പോഴേക്ക് കൈവിട്ടുപോയിരുന്നു. എല്ലാ മൈക്കിലൂടെയും ആ തെറി കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. തൊട്ടുപിന്നാലെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനിരുന്ന സമരാഗ്നി യാത്രയെ സ്വാഗതം ചെയ്ത് എസ്എഫ്ഐ സ്ഥാപിച്ച ബോർഡ് കോൺഗ്രസുകാരെയാകെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഏതാണ്ട് 24 മണിക്കൂർ പിന്നിടുമ്പോൾ സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകളുടെയെല്ലാം പ്രധാന വിഭവമായി കേരള പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ്റെ ഈ വാഗ്വിലാസം മാറിക്കഴിഞ്ഞു.

കെ സുധാകരൻ്റെ പ്രസ്താവനകൾ കോൺഗ്രസ് പാർട്ടിക്ക് ബാധ്യതയാകുന്നത് ഇതാദ്യമല്ല. പിണറായി വിജയനെ അച്ഛൻ്റെ ജോലിപറഞ്ഞ് അധിക്ഷേപിച്ചത് മുതൽ മൃദുഹിന്ദുത്വ പ്രസ്താവനകൾ വരെ ന്യായീകരിക്കാൻ സഹപ്രവർത്തകരും അണികളും ഒരുപോലെ പാടുപെട്ടു. പ്രായാധിക്യവും ചില അസുഖങ്ങളുമാണ് വീണ്ടുവിചാരമില്ലാതെയുള്ള ഈ വാചകങ്ങൾക്ക് പിന്നിലെന്ന് അനൗപചാരികമായി വിശദീകരിക്കാൻ ഒപ്പമുള്ളവർ ശ്രമിക്കുന്നണ്ടെങ്കിലും ഇതെത്ര കാലമെന്ന ചോദ്യങ്ങളും അണികളിൽ നിന്നുയരുന്നുണ്ട്. പ്രത്യേകിച്ച് ഒരു പൊതുതിരഞ്ഞെടുപ്പിൻ്റെ പടിക്കലെത്തി നിൽക്കുമ്പോൾ ഇതിനെല്ലാം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പരിപാടിയെന്ന നിലയിൽ സമരാഗ്നി യാത്രയെ തകർക്കേണ്ട എന്ന ഒറ്റ അജണ്ടയിലാണ് പ്രതിപക്ഷനേതാവിൻ്റെ ഇപ്പോഴത്തെ സംയമനം. നാട്ടുകാരുടെ മുന്നിൽവച്ച് കെപിസിസി അധ്യക്ഷനോട് സംസാരിക്കാൻ പേടിക്കേണ്ട അവസ്ഥ. ഇത്ര കടുത്ത അപമാനം വിഡി സതീശൻ മറന്നുകളയില്ലെന്ന് ഉറപ്പ്. തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top