‘തടി വേണോ, ജീവന്‍ വേണോ’; ചേവായൂര്‍ ബാങ്ക് പ്രശ്നത്തില്‍ കൊലവിളി പ്രസംഗവുമായി സുധാകരന്‍

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കൊലവിളി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇടതുമുന്നണിയുമായി സഹകരിച്ച് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വിമതര്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പ്രദേശത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തി. തടി വേണോ, ജീവന്‍ വേണോ എന്ന് വിമതര്‍ ഓര്‍ക്കണം. ചേവായൂര്‍ ബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ആക്കി മാറ്റാന്‍ സമ്മതിക്കില്ല. ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും പിന്നില്‍ നിന്നും കുത്തുന്നവരെ വെറുതെ വിടില്ലെന്നും സുധാകരന്‍ പറഞ്ഞു.

“കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഓര്‍ത്തോളൂ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ് ഒരു വിഭാഗം. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുകയാണ്. ഇത് അനുവദിക്കില്ല.”- സുധാകരന്‍ പറഞ്ഞു.

ചേവായൂര്‍ സഹകരണ ബാങ്ക് പ്രശ്നങ്ങള്‍ ഡിസിസി നേതൃത്വത്തിന് തലവേദനയാണ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ബാങ്ക്. ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്തിനെ സസ്പെൻഡ് ചെയതിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 53 കോൺഗ്രസ് നേതാക്കൾ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. കെപിസിസി അംഗവും കേരള ദളിത് ഫെഡറേഷൻ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ.വി. സുബ്രഹ്മണ്യനും രാജി വച്ചവരില്‍പെടുന്നു. ബാങ്ക് പ്രശ്നത്തില്‍ ഡിസിസി നേതൃത്വത്തിന്റെ ഇടപെടലിനോടുള്ള പ്രതിഷേധമായാണ് രാജി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top