യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ നീക്കം അപകടകരമെന്ന് കെ.സുരേന്ദ്രൻ; മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുന്ന നയം രാഹുല്‍ ഗാന്ധി വ്യക്തമാക്കണം

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്ഡിപിഐ നീക്കം അപകടകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. എസ്ഡിപിഐക്ക് പകരം പോപ്പുലര്‍ ഫ്രണ്ട് എന്ന് പറഞ്ഞാണ് വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടിലടക്കം മതഭീകരവാദികളുടെ പിന്തുണ സ്വീകരിക്കുന്ന നയം രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

കൊലപാതകം നടത്താൻ വിദേശത്ത് പരിശീലനം ലഭിച്ച ഭീകര സംഘടനയുടെ പിന്തുണ എങ്ങനെയാണ് കോൺഗ്രസ് തേടുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യ താത്പര്യം ഹനിക്കുന്ന നിലപാടിൽ രാഹുൽ മറുപടി പറയണം. ആലോചിച്ച് തീരുമാനം പറയുമെന്നാണ് വിഡി സതീശൻ പറയുന്നത്. ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ എന്താണിത്ര ആലോചിക്കാൻ. എല്ലാവരുടേയും വോട്ടിന് ഒരേ വിലയാണെന്നാണ് എംഎം ഹസൻ പറയുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാജ്യദ്രോഹികളെയും കൂട്ടുപിടിക്കുകയാണ് രാഹുൽ ഗാന്ധിയും സംഘവും ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ ചെയ്യുമെന്ന മുദ്രാവാക്യം മുഴക്കിയവരാണ് പോപ്പുലർ ഫ്രണ്ടുകാർ. ബിജെപിക്കാരെ മാത്രമല്ല ചാവക്കാട് കോൺഗ്രസ് നേതാവിനെ പോലും കൊന്നവരാണ് അവർ. യുഡിഎഫ്- പോപ്പുലർ ഫ്രണ്ട് സഖ്യം വരാൻ എന്ത് ഡീലാണ് നടന്നതെന്ന് യുഡിഎഫ് വ്യക്തമാക്കണം. വർഗീയ പാർട്ടിയായ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാണ് രാഹുൽ ഗാന്ധി മതേതരത്വം പൂത്തുലയ്ക്കുന്നത്. അർബൻ നക്സലുകളുടെ സമരത്തിന് പിന്തുണ കൊടുക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടാണ് രാഹുൽ വിദേശത്ത് ഇന്ത്യാ വിരുദ്ധത പറയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എൽഡിഎഫിന് പിഎഫ്ഐ- യുഡിഎഫ് ബന്ധത്തിൻ്റെ കാര്യത്തിൽ നിലപാടില്ലെന്നും പിഎഫ്ഐ വോട്ടിന് അവരും ആഗ്രഹിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top