കോണ്‍ഗ്രസില്‍ ചേരുന്നവര്‍ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ കാണുന്നില്ല; കെ സുരേന്ദ്രന്റെ വിമര്‍ശനം
കോണ്‍ഗ്രസില്‍ ചേരുന്നവര്‍ പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാല്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റെ കെ.സുരേന്ദ്രന്‍. പ്രാദേശിക നേതാക്കള്‍ പോലും തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണ്. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യന്‍മാരെ ഇവര്‍ കാണാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ അടക്കം ആരും മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളി നടേശനേയോ സുകുമാരന്‍ നായരെയോ പുന്നല ശ്രീകുമാറിനേയോ കണ്ടിട്ടില്ല. ഓര്‍ത്തഡോക്‌സ്, യാക്കോബായ, ലത്തീന്‍ വിഭാഗങ്ങളെ കാണുന്നില്ല. വിശ്വകര്‍മ്മ, മൂത്താന്‍ ചെട്ടി, തേവര്‍ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്താറില്ല. കത്തോലിക്കാ സഭയുമായി നല്ല ബന്ധമുള്ള ഘടകക്ഷി നേതാവ് പിജെ ജോസഫിനെ പോലും കാണുന്നില്ല. ഇവരെയൊന്നും പരിഗണിക്കണ്ടെന്നാണോ കോണ്‍ഗ്രസിന്റെ നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു.
പോപ്പുലര്‍ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്നാണ് വിഡി സതീശന്‍ വിചാരിക്കുന്നത്. ലജ്ജാകരമായ സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തി. പാലക്കാട് നടക്കുന്ന കാര്യങ്ങള്‍ മുരളീധരനും തങ്കപ്പനും ഒന്നും അറിയില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് ഒരു വിഭാഗത്തിന്റെത് മാത്രമായി മാറിക്കഴിഞ്ഞു. വിഡി സതീശനും ഷാഫി പറമ്പിലും കോണ്‍ഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കൊണ്ട് കെട്ടിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here