കൊടകര കുഴൽപ്പണ കേസില്‍ വിശദ അന്വേഷണം വേണമെന്ന് എഎപി; ഹൈക്കോടതിയില്‍ ഹര്‍ജി; കേസ് 14ന് പരിഗണിക്കും; വീണ്ടും സജീവമായി കൊടകര വിവാദം
കൊച്ചി: കൊടകര കുഴല്‍പ്പണ ഇടപാട് കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഹൈക്കോടതിയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി കർണാടകയിൽനിന്ന് ബിജെപിക്കു വേണ്ടി എത്തിയെന്നും എന്നാൽ 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി. എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 14ന് പരിഗണിക്കും.
തിരഞ്ഞെടുപ്പില്‍ പണം ഒഴുക്കുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുന്ന കാര്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യുഎപിഎ വകുപ്പുകൾ ഇതിൽ ഉൾപ്പെടുത്തണം. ഇതുവരെ ശരിയായ ദിശയിലല്ല അന്വേഷണം നടന്നിട്ടുള്ളത്. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ കേരള സര്‍ക്കാരിനോട് നിർദേശിക്കണം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്യാനും നിർദേശം നല്‍കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
2021 ഏപ്രിൽ നാലിന് പുലർച്ചെയാണ് കൊടകരയില്‍ കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. കാർ ഡ്രൈവർ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏപ്രിൽ ഏഴിന് രാത്രി 9.55-ന് കാർ തട്ടിക്കൊണ്ടുപോയെന്നും അതിൽ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസന്വേഷിച്ച പ്രത്യേക സംഘം ബിജെപിയുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഇത് രാഷ്ട്രീയ വിവാദമായി മാറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉള്‍പ്പെടെ ഒട്ടേറെ ആർഎസ്എസ്, ബിജെപി നേതാക്കളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് സുരേന്ദ്രൻ ആവർത്തിച്ചിട്ടുള്ളത്. കേസിൽ സുരേന്ദ്രനെ സാക്ഷിയായി ഉള്‍പ്പെടുത്തിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here