‘കൊടകര’യില്‍ ഇനി സാക്ഷികള്‍ പലരും പ്രതികളാകും; സുരേന്ദ്രന് അഗ്നിപരീക്ഷ; കള്ളപ്പണ ഇടപാടില്‍ തുടരന്വേഷണത്തിന് കോടതി നിര്‍ദേശം

കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആണ് കേസിന് ആധാരമായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളില്‍ തൃശൂര്‍ ഓഫീസില്‍ കള്ളപ്പണം കൊണ്ടുവന്നിരുന്നു. തലച്ചുമട് ആയാണ് ഓഫീസില്‍ എത്തിച്ചത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് എന്നാണ് സതീഷ് പറഞ്ഞത്.
കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ് വന്നത്. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പണം കൊണ്ടുവന്ന ധര്‍മരാജനാണ് പരാതി നല്‍കിയത്. 1,58,48,801 രൂപയാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.
ഈ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സാക്ഷികളായിരുന്നു. തുടരന്വേഷണം വരുന്നതോടെ സാക്ഷികള്‍ പ്രതികളാകുന്ന വിചിത്ര സാഹചര്യമാണ് കേസില്‍ ഉരുത്തിരിയുന്നത്. ആരൊക്കെയാണ് പ്രതികള്‍ എന്ന് അന്വേഷണത്തിലാണ് വ്യക്തമാകുക. സുരേന്ദ്രനെ സംബന്ധിച്ച് അഗ്നിപരീക്ഷണമാണ് ഈ കേസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം രൂക്ഷമാകുന്ന ഘട്ടത്തിലാണ് കൊടകര അന്വേഷണവും വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here