കേജ്‌രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടക്കരച്ചില്‍; മാസപ്പടി കേസിലും ഇതുതന്നെയാകുമോ സതീശന്റെ നിലപാട്; പരിഹാസവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : മദ്യനയ അഴിമതിക്കസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനായി കേരളത്തില്‍ അഴിമതിക്കാരുടെ കൂട്ടക്കരച്ചിലാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കള്ളന്‍മാരെല്ലാം വട്ടം കൂടി നിന്ന് കളളനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഴിമതിയാരോപണം വരുമ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നടപടി വരുമ്പോള്‍ സമരം ചെയ്യുകയാണ്. ഇത് ഇരട്ടത്താപ്പാണ്. നാണമില്ലാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടിയുണ്ടായാലും സംയുക്ത സമരം നടത്തുമോയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് ചോദിക്കാനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരായ മാസപ്പടിയടക്കമുള്ള അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിലും ഈ നിലപാട് തന്നെയാണോ കോണ്‍ഗ്രസിനെന്ന് വ്യക്തമാക്കണം. മാസപ്പടിക്കേസ് ഒത്തുതീര്‍പ്പാക്കാനാണ് സതീശന്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി അഴിമതി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകണം. അത് തന്നെയാണ് കേജ്‌രിവാളിനെതിരേയും ഉണ്ടായത്. അഴിമതിക്കാര്‍ കുടങ്ങുമ്പോള്‍ തിരഞ്ഞെടുപ്പാണ് പ്രതിപക്ഷ വേട്ടയാണ് എന്ന് പറയുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനാണ്. നിയമത്തിന് മുമ്പില്‍ മുഖ്യമന്ത്രിയാണ് എന്നൊന്നും ഇല്ല. എല്ലാവരും ഒരുപോലെയാണ്. അതുകൊണ്ടാണ് നടപടിയുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top