കുഴൽപ്പണക്കേസിന് പിന്നിലാരെന്ന് പ്രതികരിച്ച് കെ സുരേന്ദ്രൻ; സതീഷിനെ നേരത്തേ പുറത്താക്കിയതാണ് എന്ന് വിശദീകരണം
കൊടകര കുഴൽപ്പണ കേസിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോളത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും വന്നതാണ്. പോലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസ് ആണിത്. ആഭ്യന്തര വകുപ്പ് തന്റെ കൈയിൽ അല്ലല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരൂർ സതീഷിനെ രണ്ട് വർഷം മുമ്പ് പാർട്ടി പുറത്താക്കിയതാണെന്നും സുരേന്ദ്രൻ അറിയിച്ചു. സന്ദീപ് വാര്യരെ അവഗണിച്ചു എന്ന പ്രചരണത്തോടും സുരേന്ദ്രൻ പ്രതികരിച്ചു.
സന്ദീപ് വാര്യരെ ഹൃദയത്തിൽ ചേർത്തുനിർത്തിയതേ ഉള്ളൂ. എൻഡിഎ കൺവെൻഷനിൽ വേദിയിൽ ഇരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്. ചെറിയ ചെറിയ കാര്യങ്ങൾ ഊതിവലുതാക്കി ബിജെപിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ ശക്തമായി പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകൻ ആണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊടകരയിൽ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നായിരുന്നു മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകാതെയുണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ സൂക്ഷിച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ബിജെപി ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നുമാണ് സതീഷ് അവകാശപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here