മദനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് സിപിഎമ്മെന്ന് സുരേന്ദ്രന്‍; മുഖ്യമന്ത്രിയുടെ ലക്ഷ്യം ഭൂരിപക്ഷ വോട്ടുകള്‍

പി.ജയരാജന്‍റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ ന്യൂനപക്ഷ വര്‍ഗീയത പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും മുഖ്യമന്ത്രി കടന്നാക്രമിച്ചതിന് പിന്നില്‍ ഭൂരിപക്ഷവോട്ട് ലക്ഷ്യമാക്കി സിപിഎം നടത്തുന്ന നീക്കമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ സിപിഎം അടവുനയം വിജയിക്കില്ല. ന്യൂനപക്ഷ വര്‍ഗീയതയുമായി സഖ്യം ചെയ്തതിനു ജനങ്ങളോട് മാപ്പ് പറയാന്‍ സിപിഎം തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

“തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ അടവുനയമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും പി.ജയരാജന്റെ പുസ്തകവും. വര്‍ഗീയതയെ താലോലിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കനത്ത തിരിച്ചടി യുഡിഎഫിനും എല്‍ഡിഎഫിനും ലഭിക്കും. പിഡിപിയുടെ അബ്ദുല്‍ നാസര്‍ മദനിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് സിപിഎമ്മാണ്. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും സഖ്യത്തിലാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം വന്നപ്പോള്‍ ഒരു കക്ഷിയെയും നിരോധിക്കേണ്ട എന്നാണ് സിപിഎം നിലപാട് എടുത്തത്. സിമി നിരോധനത്തെയും സിപിഎം എതിര്‍ത്തിട്ടുണ്ട്.”

“തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി മുസ്ലിംലീഗിനെ ആക്രമിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ചങ്ങാത്തമാണ്. ഇതാണ് പിണറായി വിജയന്‍റെ രീതി. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ലീഗിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആക്രമണം. ലീഗിനെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് മുഖ്യമന്ത്രി. സിപിഎം സംസ്ഥാന നേതൃത്വവും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. ലീഗിനെ മതനിരപേക്ഷ പാര്‍ട്ടിയായാണ്‌ സിപിഎം കാണുന്നത്. ഇപ്പോഴുള്ള മുഖ്യമന്ത്രിയുടെ മലക്കംമറിച്ചില്‍ ഭൂരിപക്ഷ സമുദായത്തെ കബളിപ്പിക്കാന്‍ വേണ്ടിയാണ്.”- സുരേന്ദ്രന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top