‘ഗണപതിവട്ടജി’ എട്ടുകാലി മമ്മൂഞ്ഞ് കളിക്കരുതെന്ന് സുരേന്ദ്രനോട്‌ ശ്രീജിത്ത് പണിക്കര്‍; ‘കള്ളപ്പണിക്കര്‍’ എന്ന അധിക്ഷേപത്തിന് മറുപടി; ഏറ്റുമുട്ടി സുരേന്ദ്രനും പണിക്കരും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കരും തമ്മില്‍ നേര്‍ക്കുനേര്‍ പോര്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത്‌.

‘കള്ളപ്പണിക്കന്മാര്‍’ എന്ന സുരേന്ദ്രന്റെ പ്രയോഗത്തോടെ പണിക്കരും കച്ചമുറുക്കി രംഗത്തെത്തി. സുരേന്ദ്രനാണ് ആദ്യം വെടി പൊട്ടിച്ചത്. “ചില ആക്രി നിരീക്ഷകര്‍, വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ, ‘കള്ളപ്പണിക്കര്‍മാര്‍ കുറേയാള്‍ക്കാര്‍. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്” – ഇതായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. രൂക്ഷമായ ഭാഷയിലാണ് ഫെയ്സ്ബുക്കില്‍ പണിക്കര്‍ മറുപടി നല്‍കിയത്. ‘ഗണപതിവട്ടജീ’ എന്ന് വിളിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങിയത്. ‘സുരേഷ് ഗോപിയുടെ വിജയത്തില്‍ ഒരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസിലായില്ല’- ശ്രീജിത്ത് പ്രതികരിച്ചു.

“നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.” – ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ‘ചിത്രം ചെറിയുള്ളി തൊലിയുരിച്ചത്’ എന്ന വാചകത്തോടെയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് അവസാനിക്കുന്നത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ”മൂന്ന് ഡസന്‍ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കര്‍

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top