കടകംപള്ളിക്ക് ആറ്റിങ്ങൽ വേണ്ട; നിലപാട് നേതൃത്വത്തെ അറിയിച്ചു; വിവാദങ്ങൾ തിരിച്ചടിക്കുമെന്ന് ആശങ്ക; പാർട്ടി നിർബന്ധിച്ചാൽ മാത്രം മത്സരം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമില്ലെന്ന് സിപിഎം നേതൃത്വത്തെ മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വ്യക്തിപരമായി മത്സരത്തിന് താല്‍പ്പര്യമില്ലെന്നാണ് കഴക്കൂട്ടം എംഎല്‍എയുടെ നിലപാട്. ഇനി എംഎൽഎയാകാനും ഇല്ല. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ സിപിഎമ്മിനകത്ത് അതൃപ്തി പുകയുമ്പോഴാണ് കടകംപള്ളി ഈ സൂചന നേതൃത്വത്തിന് നല്‍കുന്നത്. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് ഏറെ ചര്‍ച്ചയായി.
ദിവസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിന് തുടക്കം. ജില്ലയില്‍ നടക്കുന്ന ചില വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു എന്നായിരുന്നു വിമര്‍ശനം. നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിന് എതിരെയായിരുന്നു പരോക്ഷ വിമര്‍ശനം. ഇതിനു പിന്നാലെ ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ മറുപടി. ചില കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്നും മറ്റുമെല്ലാം റിയാസ് പറഞ്ഞത് കടകംപള്ളിക്ക് എതിരെയാണെന്ന വിലയിരുത്തല്‍ ഉടനുണ്ടായി. പിന്നീട് ചില വിശദീകരണങ്ങളിലൂടെ വിവാദം തണുപ്പിക്കാന്‍ കടകംപള്ളി ശ്രമിച്ചു. എന്നാല്‍ ഇത്രയൊക്കെയായ സാഹചര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് മൽസരം തിരിച്ചടിക്കും എന്നാണ് കടകംപള്ളിയുടെ നിലപാട്. റിയാസിന് നിർണായക സ്വാധീനമുള്ളതാണ് പാർട്ടി തിരുവനന്തപുരം ജില്ലാകമ്മറ്റി എന്നതാണ് ഈ നിലയിലേക്ക് ചിന്തിക്കാൻ കടകംപള്ളിയെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനകാര്യം.
മന്ത്രി പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് കടകംപള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. റിയാസിന്റെ പരാമര്‍ശത്തോടെ തൻ്റെ പ്രതിഛായയ്ക്ക് കോട്ടംതട്ടിയെന്ന് കടകംപള്ളിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ആറ്റിങ്ങളില്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് ആവശ്യം. നേരത്തെ ആറ്റിങ്ങലില്‍ കടകംപള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരുവനന്തപുരം സിപിഎമ്മില്‍ ധാരണയായിരുന്നു.
ആറ്റിങ്ങല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിനായി അടൂര്‍ പ്രകാശ് അട്ടിമറി വിജയം നേടി. ബിജെപിക്കായി ശോഭാ സുരേന്ദ്രന്‍ ഒരുക്കിയ ത്രികോണ ചൂടിനെ സിപിഎം സ്ഥാനാര്‍ത്ഥിയായ സമ്പത്തിന് അതിജീവിക്കാനായില്ല. വീണ്ടും അടൂര്‍ പ്രകാശ് മത്സരിക്കും. ബിജെപിക്കായി കേന്ദ്രമന്ത്രി വി മുരളീധരനും. അതിശക്തമായ ത്രികോണ ചൂടിലാണ് 2024ലും ആറ്റിങ്ങല്‍. അതുകൊണ്ട് കൂടിയാണ് സമാന സാഹചര്യത്തിൽ കഴക്കൂട്ടത്ത് ജയിച്ച് എംഎല്‍എയായ കടകംപള്ളിയെ ആറ്റിങ്ങലിലേക്ക് പരിഗണിച്ചത്. ആദ്യതവണ വി.മുരളീധരനെയാണ് കടകംപള്ളി തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രനേയും. ഈ അനുഭവ സമ്പത്ത് ആറ്റിങ്ങലില്‍ വിജയമാകുമെന്ന് സിപിഎം വിലയിരുത്തി.
അതേസമയം സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളെല്ലാം അന്തരീക്ഷത്തിൽ നിൽക്കുന്നതും തിരിച്ചടിയാകുമെന്ന് കടകംപള്ളി കണക്കൂകൂട്ടുന്നുണ്ട്. വീട്ടിൽകയറ്റാൻ കൊള്ളാത്തവൻ എന്നതടക്കം രൂക്ഷപരാമർശങ്ങൾ നടത്തിയിട്ടും ഒരു വക്കീൽ നോട്ടീസ് കൊണ്ട് പോലും അതിനെ ചോദ്യംചെയ്യാൻ കടകംപള്ളിക്കോ ശ്രീരാമകൃഷ്ണനോ തോമസ് ഐസക്കിനോ പറ്റിയിട്ടില്ല. കൂടാതെ മറ്റ് ചില സ്ത്രീകളുമായി ബന്ധപ്പെട്ട ശബ്ദരേഖകളും രാഷ്ട്രിയ എതിരാളികൾ ആഘോഷമാക്കിയിരുന്നു. ഇനിയൊരു രാഷ്ട്രിയ പോരാട്ടത്തിലേക്ക് എത്തിയാൽ അവയെല്ലാം ഒറ്റയടിക്ക് പൊതുമണ്ഡലത്തിൽ എത്തുമെന്നും മുൻപത്തേക്കാൾ ചർച്ചയാകുമെന്നും സ്വാഭാവികമായും കടകംപള്ളി മനസിലാക്കുന്നുണ്ട്.
അതേസമയം പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കേണ്ടി വരുമെന്ന് കടകംപള്ളിക്ക് അറിയാം. കടകംപള്ളിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ജോയിയെയും ആറ്റിങ്ങലില്‍ മത്സരിക്കാന്‍ സിപിഎം പരിഗണിക്കുന്നു. വര്‍ക്കല എംഎല്‍എ കൂടിയാണ് ജോയ്. ഇതിനൊപ്പം വട്ടിയൂര്‍ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിൻ്റെ സാധ്യതയും തേടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here