‘പിഎഫ്ഐ’ ചാപ്പകുത്തൽ പരാതി വ്യാജം; സൈനികൻ ലക്ഷ്യമിട്ടത് പ്രശസ്തി
കൊല്ലം: കടയ്ക്കലില്‍ സൈനികൻ്റെ പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജം. സംഭവത്തിൽ ചാണപ്പാറ സ്വദേശിയായ സൈനികന്‍ ഷൈന്‍കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. സൈനികൻ നൽകിയ പരാതിയിൽ സംശയം തോന്നിയ കടയ്ക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. സൈനികനെ എസ്പിയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷമാണ് തുടർ നടപടകൾ സ്വീകരിക്കുക എന്നും കടയ്ക്കൽ പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഷൈൻ കുമാർ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നെകിലും സുഹൃത്തായ ജോഷിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്. പ്രശസ്തനാകാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഷൈന്‍ വ്യാജപരാതി നല്‍കിയതെന്ന് സുഹൃത്ത് പോലീസിന് മൊഴി നൽകി. ടീ ഷര്‍ട്ട് തന്നെക്കൊണ്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും എന്നാല്‍ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി മൊഴി നൽകിയിട്ടുണ്ട്.
ഷൈനിന്റെ പുറത്ത് പിഎഫ്ഐ എന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലാണ് ഷൈൻ കുമാർ ജോലിചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിന്റെ തലേദിവസമാണ് സംഭവം നടക്കുന്നത്. മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയില്‍ വച്ച് ഞായറാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം ആളുകൾ തന്നെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തില്‍ ചാപ്പകുത്തി എന്നുമായിരുന്നു ഷൈന്‍ കടയ്ക്കൽ പോലീസിന് നൽകിയ പരാതി. പിന്നാലെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here