കടക്കല്‍ തിരുവാതിരയോ കോളേജ് ഡേയോ… ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തില്‍ പൊട്ടിത്തെറിച്ച് ഹൈക്കോടതി

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ ഇത്തരം പാട്ടുകൾ പാടാനുള്ള ഇടമല്ല. ഇത് ഉത്സവമാണ്. അല്ലാതെ കോളേജ് ഡേയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയോ അല്ല. ഭക്തജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. അപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പരിപാടികള്‍ നടത്തണം. ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്ക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
അലോഷി ആദം പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഹെക്കോടതി പരിശോധിച്ചു. എന്തിനാണ് സ്റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി ചോദിച്ചു. വിപ്ലവഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേര്‍ത്തു. മാര്‍ച്ച് 10നാണ് കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗായകന്‍ അലോഷിയുടെ വിപ്ലവഗാനാലാപനം നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here