സഹകരണത്തിലെ മറ്റൊരു വഞ്ചന കൂടി പുറത്തേക്ക്! പാലാ കടനാട് ബാങ്ക് പ്രസിഡൻ്റ് അടക്കം 7പേർ രാജി വച്ചു

കോട്ടയം: നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപണമുയർന്ന പാല കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജി വച്ചു. പതിമൂന്നംഗ ഭരണസമിതിയിലെ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ഉൾപ്പെടെ ഏഴ് പേരാണ് രാജി സമർപ്പിച്ചത്. പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ വഞ്ചിക്കച്ചാലിൽ, വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പകുതിയിലേറെ വരുന്ന ഭരണ സമിതി അംഗങ്ങള്‍ സഹകരണ ബാങ്ക് സെക്രട്ടറിക്ക് രാജി നൽകിയത്. കെ.ബി.സതീഷ്, തോമസ് കെ.എം.(രാജുമോൻ), വിപിൻ ശശി, നിഷ ബാബു എന്നിവരാണ് രാജി വച്ചത്. പതിനഞ്ച് വർഷമായി ബാങ്ക് ഭരണംകയ്യാളുന്നത് സിപിഎമ്മാണ്.

കഴിഞ്ഞ ദിവസം പണം മടക്കി നൽകുമെന്ന് ബാങ്ക് പ്രസിഡൻ്റ് നിക്ഷേപകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. നിക്ഷേപകരെ വഞ്ചിച്ച് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റുമടങ്ങുന്ന ഒരു വിഭാഗം ബോര്‍ഡ് അംഗങ്ങള്‍ രാജി വച്ച് ഒളിച്ചോടിയെന്ന് നിക്ഷേപക സംരക്ഷണ സമിതി മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ വഞ്ചിക്കച്ചാലുമായി മാധ്യമ സിൻഡിക്കറ്റ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല.

അതേ സമയം, സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും പാർട്ടിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കട്ടക്കൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മറ്റുള്ളവരുടെ കാര്യം തനിക്കറിയില്ല. താൻ രാജി വച്ചു. ബാങ്കിൻ്റെ ബാധ്യത മുഴുവൻ ഭരണ സമിതിയുടെ തലയിൽ വെക്കാനാണ് ചിലരുടെ ശ്രമം. അതിനായി ഭരണ സമിതി അംഗങ്ങൾ വേട്ടപ്പെട്ടവർക്ക് അന്യായമായി ലോൺ നൽകി എന്നാണ് ആരോപണം. ബാധ്യതകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയാത്തത് കൊണ്ടാണ് രാജി എന്നും സെബാസ്റ്റ്യൻ കട്ടക്കൽ പറഞ്ഞു. പുതുതായി ചുമതലയേൽക്കുന്നവർ രാജിവെച്ച ഭരണ സമിതി ചട്ടം ലംഘിച്ച് വായ്പ നൽകിയോ എന്ന് പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നിക്ഷേപകർക്ക് പണം നൽകാതിരുന്നത്. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാങ്കിനെതിരെ നിക്ഷേപകരുടെ പേരിൽ ചില തല്പരകക്ഷികളാണ് കുപ്രചരണം നടത്തുന്നത്. ഭരണ സമിതി രാജി വെക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നുവെന്നും സെബാസ്റ്റ്യൻ കട്ടക്കൽ മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി .

വായ്പയായി നൽകിയ 65 കോടി രൂപയും അതിൻ്റെ പലിശയിനത്തിൽ ലഭിക്കാനുള്ള 33 കോടി രൂപയുമടക്കം 98 കോടി രൂപയാണ് കടനാട് ബാങ്കിന് ലഭിക്കാനുള്ളത്. ഈ വായ്പകളിലധികവും ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലും സിപിഎം നേതാക്കൾക്ക് വേണ്ടപ്പെട്ടവരുടെ പേരിലും നൽകിയെന്നാണ് ആരോപണം. ഈ തുകകൾ തിരിച്ചടക്കാതിരുന്നതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്. കടനാട് ബാങ്കിൽ ചട്ടവിരുദ്ധമായി നൽകിയ വായ്പകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും 2018ൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ യൂണിറ്റ് ഇൻസ്പെക്ടർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഒരേ സർവേ നമ്പറിലുള്ള സ്ഥലത്തിന്റെ ആധാരമുപയോഗിച്ച് പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കും ബാങ്ക് ബോർഡ് അംഗങ്ങളുടെ വേണ്ടപ്പെട്ടവർക്കും വേണ്ടത്ര രേഖകളോ പരിശോധനയോ ഇല്ലാതെ കോടികൾ ലോണായി നൽകി എന്നായിരുന്നു കണ്ടെത്തൽ. അത്തരത്തിൽ നൽകിയ ലോണുകളൊക്കെ തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വായ്പകളുടെ അപേക്ഷകളൊന്നും പൂർണമല്ലെന്നും അപേക്ഷകളിൽ സെക്രട്ടറി റിപ്പോർട്ട് രേഖപ്പെടുത്തുകയോ ഒപ്പ് വയ്ക്കുകയോ ചെയ്തിട്ടില്ല. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചിരുന്ന രേഖകളും പൂർണമല്ല. എന്നിട്ടും വായ്പകൾ അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top