വകുപ്പുവിഭജനത്തിൽ ട്വിസ്റ്റ്; തുറമുഖം വാസവന്, പകരം കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ നൽകി; ഗണേഷിന് ഗതാഗതം തന്നെ

തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കെ വകുപ്പുകളില്‍ അപ്രതീക്ഷിത മാറ്റം. കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുമെന്ന് കരുതിയ തുറമുഖ വകുപ്പ് വി.എന്‍.വാസവന് നല്‍കുകയാണ് ഉണ്ടായത്. പകരം വാസവന്‍ കൈകാര്യം ചെയ്തിരുന്ന രജിസ്ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കി. ഒപ്പം നല്‍കിയത് മ്യൂസിയം, പുരാവസ്തു -ആർക്കീവ്സ് വകുപ്പുകളാണ്.
കെ.ബി.ഗണേഷ് കുമാറിന് ഗതാഗതം തന്നെ നല്‍കി. ട്രാൻസ്പോർട്ട്, മോട്ടോർ വെഹിക്കിൾ, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകളാണ് നൽകിയത്. എന്നാല്‍ ഗണേഷ് ആവശ്യപ്പെട്ട സിനിമാവകുപ്പ് നല്‍കിയില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. കടന്നപ്പള്ളിക്കായി സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവര്‍കോവിലും ഭരിച്ചിരുന്നത് തുറമുഖമായിരുന്നു. അതിനാല്‍ ഈ വകുപ്പുതന്നെ ലഭിക്കുമെന്നായിരുന്നു സൂചന.
ഇന്ന് വൈകീട്ട് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here