‘പോരാളി ഷാജി’യും ‘അമ്പാടിമുക്ക് സഖാക്കളും’ ഉള്‍പ്പെടെ കുടുങ്ങും; ‘കാഫിര്‍ വ്യാജ സ്ക്രീൻഷോട്ടില്‍’ എന്തുകൊണ്ട് കേസ് ഇല്ലെന്ന് കോടതി

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ കാഫിർ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ ഉണ്ടാക്കിയ പോരാളി ഷാജി ഫെയ്സ്ബുക്ക് അഡ്മിൻ, അമ്പാടിമുക്ക് സഖാക്കൾ ഫെയ്സ്ബുക്ക് അഡ്മിൻ, റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ് എന്നിവരെ കേസിൽ പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്നാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചത്.
കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഇവരെല്ലാം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും നാളിതുവരെ ഇവരെ ആരേയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് കേസിലെ ഇരയായ മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ മുഹമ്മദ് ഷാ കോടതിയെ ധരിപ്പിച്ചു.
ഇരയായ കാസിമിനെ തെറ്റായി പ്രതി ചേർത്ത പോലീസ് മറ്റുള്ളവരെ പ്രതിയാക്കാത്തതിൽ ദുരൂഹതയുണ്ട്. തനിക്ക് ആരാണ് ഈ പോസ്റ്റ് അയച്ചുതന്നത് എന്ന് വെളിപ്പെടുത്താൻ തയ്യാറാകാത്ത റിബേഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതി ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന് കോടതി ആരാഞ്ഞത്. കേസ് ഡിസംബർ 20ലേക്ക് മാറ്റി.
സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതിലും പ്രചരിപ്പിച്ചതിലും കാസിമിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് കാസിമിന്റേതെന്ന പേരില്‍ കാഫിര്‍ പരാമര്‍ശം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് എതിരെ വന്നത്. എല്‍ഡിഎഫിന്റെ പരാതിപ്രകാരം കാസിമിനെതിരേ കേസെടുത്തു. സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന യൂത്ത് ലീഗ് പരാതിയിലും കേസ് എടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here