സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ലതികയെന്ന് ഷാഫി പറമ്പില്‍; കാഫിര്‍ പ്രയോഗം സിപിഎമ്മിന്റെ വ്യാജസൃഷ്ടി; കേസെടുക്കാന്‍ പോലീസ് തയ്യാറാകണം

വിവാദമായ കാഫിര്‍ പ്രയോഗത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത വടകര എംപി ഷാഫി പറമ്പിൽ. സിപിഎമ്മിന്റെ വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗം. മതത്തിന്റെ കള്ളികൾക്കുള്ളിലാക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ഹീനശ്രമമാണ് വടകരയിൽ നടന്നതെന്നും ഷാഫി കോഴിക്കോട്ട് പറഞ്ഞു.
“വ്യാജ വെട്ടിന്‍റെ ഉറവിടം സിപിഎം തന്നെയായിരുന്നുവെന്ന് തെളിഞ്ഞു. കെ.കെ.ലതിക ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ ഇത് പ്രചരിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് സത്യമാണ് എന്ന് വിശ്വസിച്ച സിപിഎമ്മുകാരോടെങ്കിലും ഇവർ മാപ്പ് പറയുമോ? പോലീസിന്‍റെ ഉത്തരവാദിത്തം തീരുന്നില്ല. ഫെയ്സ്ബുക്ക് നോഡൽ ഓഫീസർക്കെതിരെ കേസെടുത്തു എന്ന് പറഞ്ഞു. പക്ഷെ ഈ ആവേശം ഈ സ്ക്രീന്‍ ഷോട്സ് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതിലും കാണിക്കണം.”
“ഫെയ്സ്ബുക്ക് കനിഞ്ഞാലെ ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്താനാകൂ എന്ന പോലീസ് വാദം ശരിയല്ല. പ്രതികൾ ആരെന്ന് പോലീസിനും സിപിഎമ്മിനും അറിയാവുന്നതുകൊണ്ട് അവരെ രക്ഷിക്കാൻ ഉള്ള അവസാന ശ്രമമാണത്. ആ അഡ്മിനെ വിളിച്ചാൽ അറിയില്ലേ, ഇത് പ്രചരിപ്പിച്ച കെ.കെ. ലതികയോട് ചോദിച്ചാൽ അറിയില്ലേ, ഇത് എവിടുന്ന് കിട്ടിയെന്ന്.” -ഷാഫി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here