‘കാഫിര്‍’ പ്രചാരണം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ; വ്യാജമാണെങ്കില്‍ ഷാഫി തെളിയിക്കട്ടെയെന്ന് ശൈലജ; വടകരയില്‍ പോര് മുറുകുന്നു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആണെന്ന് ആവര്‍ത്തിച്ച് വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. പ്രചരിച്ചത് വ്യാജ സ്ക്രീന്‍ഷോട്ട് ആണെന്ന് ഷാഫി പറമ്പില്‍ പറയുന്നത് കേട്ടു. വ്യാജമാണെങ്കില്‍ അത് ഷാഫി തെളിയിക്കട്ടെ എന്നും ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ച് നേരം നിസ്കരിക്കുന്ന ഷാഫി ദീനിയാണെന്നും എതിര്‍ സ്ഥാനാര്‍ത്ഥി കാഫിറാണെന്നുമായിരുന്നു വാട്സ്ആപ്പ് സ്ക്രീന്‍ഷോട്ടിലെ സന്ദേശം. അതുകൊണ്ട് ചിന്തിച്ച് വോട്ട് ചെയ്യണമെന്നായിരുന്നു മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട്. ഇത് വ്യാജമാണെന്നും വര്‍ഗീയത പ്രചരിച്ചുകൊണ്ടുള്ള വോട്ട് തനിക്ക് വേണ്ട എന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് ശൈലജയുടെ മറുപടി.

“എനിക്ക് കിട്ടിയ സ്ക്രീന്‍ഷോട്ട് അനുസരിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ പേജില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ കണ്ടതുവച്ച് അത് ഫേക്ക് അല്ലെന്നാണ് തോന്നുന്നത്. ഫേക്ക് ആണെന്ന് കണ്ടെത്തിയാല്‍ ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല. സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിനു മുന്‍പും എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. വോട്ടെടുപ്പിന്‍റെ തലേദിവസം ഇത്തരം സന്ദേശം വരുമ്പോള്‍ അവര്‍ എന്തോ പ്രതീക്ഷിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്” – ശൈലജ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top