‘കാഫിർ സ്ക്രീൻഷോട്ട്’ കേസ് അന്വേഷണത്തെ നയിച്ച എസ്പി തെറിച്ചു; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോളിളക്കം സൃഷ്ടിച്ച വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ അടക്കം സ്ഥലം മാറ്റി പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. വിവാദ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. നിധിൻ രാജാണ് പുതിയ എസ്പി. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ ഡിഐജി തോംസൺ ജോസിനെ നേരത്തെ തൃശൂരിലേക്ക് മാറ്റിയിരുന്നു.

വിവാദമുണ്ടാക്കിയ ‘കാഫിര്‍ സ്ക്രീൻ ഷോട്ട്’ പോസ്റ്റ്‌ ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മാറ്റം. സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പിലാണ്. പിന്നീട് ഇത് ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

‘പോരാളി ഷാജി’ എന്ന വിവാദ ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പോലീസ് കോടതിയെ അറിയിച്ചു. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ച് നിർദ്ദേശിച്ചതിനെ തുടർന്നാണ് കേസിൻ്റെ വിവരങ്ങൾ കോടതിയെ അറിയിച്ചത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. ആലപ്പുഴയില്‍ നിന്ന് ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മിഷണറായി നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. തപോഷ് ബസുമതാരിയാണ് പുതിയ വയനാട് എസ്പി. ഡി.ശിൽപയെ കാസർഗോഡും ഷാഹുല്‍ ഹമീദിനെ കോട്ടയത്തും സുജിത് ദാസിനെ പത്തനംതിട്ടയിലും എസ്പിമാരായി നിയമിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top