കാഫിർ സ്ക്രീൻഷോട്ട് കേസ് ഡയറി ഹാജരാക്കിയില്ല; പോലീസിന് കോടതിയുടെ അന്ത്യശാസനം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കോളിളക്കങ്ങൾ സൃഷ്ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസിന് കോടതിയുടെ കർശന നിർദേശം. കേസ് ഡയറി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുംമുമ്പ് ഹാജരാക്കണമെന്നായിരുന്നു വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് നിര്‍ദേശം നല്‍കിയത്. പിന്നാലെ വൈകിട്ട് വിവരങ്ങൾ ഹാജരാക്കാമെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സമയം നീട്ടി നൽകിയ കോടതി തിങ്കളാഴ്ച സമർപ്പിച്ചാൽ മതിയെന്ന് പോലീസിന് അന്ത്യശാസനം നൽകുകയായിരുന്നു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
Also Read: വ്യാജ ‘കാഫിർ സ്‌ക്രീന്‍ഷോട്ട്’; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
നേരത്തേ അന്വേഷണ പുരോഗതി, ഫോറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതി എന്നിവ അറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ കാഫിർ സ്ക്രീൻ ഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിച്ച ഏപ്രിൽ 24നാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളിൽ ‘സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റ വാട്സ്ആപ്പ് പോസ്റ്റ് എന്ന പേരിലായിരുന്നു സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമും ഇടത് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്‌ക്രീൻ ഷോട്ട്.
Also Read: ‘ലതിക തെറ്റ് ചെയ്തു’ ; കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചവർ ആരായാലും പിടിക്കപ്പെടണമെന്ന് കെ.കെ.ശൈലജ
തൻ്റെ പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് കാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകി. ഈ പരാതി അന്വേഷിക്കുന്നതിനു പകരം കാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കാസിമിനെ ചോദ്യം ചെയ്തു ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സ്ക്രീൻ ഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്ന ഹർജിയുമായി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശം നൽകി. ഇതേതുടർന്ന് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കാസിം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും മുഹമ്മദ് കാസിമിന്‍റെയും ഫോൺ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഇതുവരെ പരിശോധനാഫലം ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ നവംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here