‘ലതിക തെറ്റ് ചെയ്തു’ ; കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചവർ ആരായാലും പിടിക്കപ്പെടണമെന്ന് കെ.കെ.ശൈലജ
ലോക്സഭാ തെരഞ്ഞടുപ്പ് സമയത്ത് ഉയർന്ന ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദത്തിൽ സിപിഎം നേതാവ് കെ.കെ.ലതികയെ തള്ളി വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജ. ലതിക സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് തെറ്റാണ്. വിവാദ സ്ക്രീൻ ഷോട്ട് നിർമിച്ചവർ ആരാണെങ്കിലും പിടിക്കപ്പെടണം. പോസ്റ്റ് പങ്കുവച്ചതിനെ കുറിച്ച് ലതികയോട് ചോദിച്ചിരുന്നു. ഇതൊക്കെ പൊതുസമൂഹം അറിയേണ്ടതല്ലേ എന്ന മറുപടിയാണ് ലതികയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. യാഥർത്ഥ ഇടതുപക്ഷക്കാർ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്നും ശൈലജ പറഞ്ഞു.
അതേസമയം ‘കാഫിര്‍ സ്ക്രീൻ ഷോട്ട്’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ്. പിന്നീട് ഇത് ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ‘പോരാളി ഷാജി’ എന്ന വിവാദ ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം അവസാനിച്ച ഏപ്രിൽ 24നാണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിൻ്റ വാട്സ്ആപ്പ് പോസ്റ്റ് പേരിലായിരുന്നു സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമും ഇടത് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്. വിവാദമായ സ്‌ക്രീന്‍ഷോട്ട് തന്റെ ഫെയ്‌സ്ബുക്കിലൂടെ മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ.ലതിക ഷെയർ ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ലതികയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
തൻ്റെ പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് കാസിം അന്നുതന്നെ വടകര പോലീസിൽ പരാതി നൽകി. ഈ പരാതി അന്വേഷിക്കുന്നതിനു പകരം കാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കാസിമിനെ ചോദ്യം ചെയ്തു ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സ്ക്രീൻ ഷോട്ട് നിർമിച്ചവരെ കണ്ടെത്തണമെന്ന ഹർജിയുമായി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചു. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ച് പോലീസിനോട് നിർദ്ദേശിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here