രാധാകൃഷ്ണന് വോട്ട് തേടി കലാമണ്ഡലം ഗോപി; അഭ്യർഥന വീഡിയോ സന്ദേശത്തിലൂടെ; വീഡിയോ എത്തിയത് സുരേഷ് ഗോപിയെ അനുഗ്രഹിക്കില്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ
തൃശൂർ: ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കെ.രാധാകൃഷ്ണനായി രംഗത്തെത്തിയത്.
‘‘എന്റെ എക്കാലത്തെയും സുഹൃത്താണു കെ.രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജനസേവനത്തെ കുറിച്ച് ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍നിന്ന് വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബോധ്യമുള്ളതിനാലാണു വ്യക്തിപരമായി വോട്ടഭ്യർഥിക്കുന്നത്’’– ഇതാണ് വീഡിയോ സന്ദേശം.
സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ രംഗത്തെത്തിയത് വിവാദമായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കണമെന്നുമാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.
“സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു.ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്.നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്.( പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു.എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്.ഞാന്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ വരരുതെന്ന്.അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി”-
ഈ പോസ്റ്റ് വൈറലായതോടെ ഡിലീറ്റ് ചെയ്തു.
കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിന് വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here