‘പത്മഭൂഷന്‍ വേണ്ടേ…’കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചെന്ന് മകന്‍; ആരോപണം നിഷേധിച്ച് താരം

തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുവേണ്ടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി മകന്‍ രഘു ​ഗുരുകൃപ. കലാമണ്ഡലം ഗോപിയെ കാണാന്‍ സുരേഷ് ഗോപി വീട്ടില്‍ വരുമെന്നും അനുഗ്രഹിക്കണമെന്നും ഒരു പ്രശസ്തനായ ഡോക്ടര്‍ വിളിച്ചു പറഞ്ഞിരുന്നു. ആദ്യം എതിര്‍ത്തില്ലെങ്കിലും പിന്നീട് നിഷേധിച്ചപ്പോള്‍ പത്മഭൂഷന്‍ വേണ്ടേയെന്ന് ഡോക്ടര്‍ ചോദിച്ചതായി രഘു ​ഗുരുകൃപ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. ‘അങ്ങനെ എനിക്ക് കിട്ടണ്ട’ എന്ന് ഗോപി ആശാന്‍ മറുപടി നല്‍കിയതായും പറയുന്നു.

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും മകന്‍ പറഞ്ഞു. വെറുതെ ഉള്ള ബഹുമാനവും സ്നേഹവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായത്തിന് എത്തുന്നത് ഇതിനാണെന്ന് ഇപ്പോഴാണ് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. അത് താത്കാലിക ലാഭാത്തിനല്ല, നെഞ്ചില്‍ ആഴ്നിറങ്ങിയതാണ്. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കണ്ടെന്നും മകന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

രഘു ​ഗുരുകൃപ പിന്‍വലിച്ച ഫെയ്സ്ബുക്ക് പോസ്റ്റ്‌

പോസ്റ്റ്‌ വിവാദമായതോടെ സുരേഷ് ഗോപി വിശദീകരണം നല്‍കി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താനോ പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കുറിപ്പ് ചര്‍ച്ചാവിഷയമായതോടെ രഘു ​ഗുരുകൃപ പോസ്റ്റ്‌ പിന്‍വലിച്ചു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റ് ഇട്ടതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നും മറ്റൊരു പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top