‘കാക്കയുടെ നിറമാണ്, കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല’; ഡോ.ആര്‍എല്‍വി രാമകൃഷണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം ജൂനിയര്‍ സത്യഭാമ

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ.ആര്‍എല്‍വി രാമകൃഷണനെതിരെ രൂക്ഷ ജാതി അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം ജൂനിയര്‍ സത്യഭാമ. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണം, ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല, കാക്കയുടെ നിറമാണെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു വിവാദ പരാമര്‍ശം. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ അതിഗുരുതര പ്രസ്താവനകള്‍ നടത്തിയത്.

“മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. കാല്‍ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോചകമായ കാഴ്ച വേറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- ഇതായിരുന്നു ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിവാദ പരാമര്‍ശം.

വിഷയത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി.രാമകൃഷ്ണനും രംഗത്തെത്തി. എന്റെ കറുപ്പാണ് എന്റെ അഴക്, എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല മോളേയെന്നും രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ മറുപടി നല്‍കി. ഇത്തരം വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേര്‍ പിന്‍തുണ അറിയിച്ച് രംഗത്തെത്തി.

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയ കലാ സ്നേഹികളെ,

കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.നാല് വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ.മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു. UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.

ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top