നേരിടുന്നത് ക്രൂര സൈബര്‍ ആക്രമണമെന്ന് സത്യഭാമ; 66കാരിയുടെ വീണ്‍വാക്കായി കരുതി തള്ളാമായിരുന്നു; കറുപ്പിന്റെ പേരില്‍ അധിക്ഷേപിച്ചതിന് വിശദീകരണവുമായി നര്‍ത്തകി

തൃശൂര്‍: ആർഎൽവി രാമകൃഷ്ണനെ കറുപ്പിന്റെ പേരില്‍ അധിക്ഷേപിച്ചതോടെ വിവാദത്തിലായ സത്യഭാമ വിശദീകരണവുമായി രംഗത്ത്. തന്‍റെ പരാമര്‍ശങ്ങള്‍ ആരെയും ഉദ്ദേശിച്ചായിരുന്നില്ല. 66 വയസുള്ള സ്ത്രീയുടെ വീണ്‍വാക്കായി കരുതി നിങ്ങള്‍ക്കെന്നെ തള്ളിക്കളയാമായിരുന്നു. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുകയാണെന്നും സത്യഭാമ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശത്തിനുശേഷം ഇതാദ്യമായാണ് സത്യഭാമ ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്. ജാതി അധിക്ഷേപം ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോടുപോലും മുന്‍ പ്രസ്താവനകളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് വ്യക്തമാക്കിയിരുന്നു. സ്വന്തം അഭിപ്രായമാണ് പറഞ്ഞത്, അത് ഇനിയും പറയുമെന്ന് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സത്യഭാമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

പോസ്റ്റില്‍ ആർഎൽവി രാമകൃഷ്ണന്‍റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും താന്‍ ഉദ്ദേശിച്ച വ്യക്തിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഹിനിയാട്ടത്തില്‍ അവസരങ്ങള്‍ നല്‍കിയതായി പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സംഭവത്തില്‍ തന്‍റെ കുടുംബത്തേയും സ്വകാര്യതയേയും വലിച്ചിഴക്കുകയാണെന്നും സത്യഭാമ പരാതിപ്പെട്ടു.

അതേസമയം കറുത്ത നിറമുള്ളവരെ അധിക്ഷേപിച്ചുള്ള സത്യഭാമയുടെ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സത്യഭാമക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് കേരള കലാമണ്ഡലവും ചൂണ്ടിക്കാട്ടിയിരുന്നു.

സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ രൂക്ഷ ജാതി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്നും, കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ലെന്നും മറ്റുമുള്ള പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. സംഭവം വിവാദമായി പൊതുജനവും മാധ്യമങ്ങളും ഏറ്റെടുത്തെങ്കിലും അധിക്ഷേപ പ്രസ്താവന ആവര്‍ത്തിച്ച് അവർ വീണ്ടും രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top