ജാതിയധിക്ഷേപ കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത് നെടുമങ്ങാട് എസ്.സി-എസ്.ടി കോടതി

ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. തിരുവനന്തപുരം നെടുമങ്ങാട് എസ്.സി-എസ്.ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥ. ജാമ്യത്തിനായി 50000 രൂപ കെട്ടിവയ്ക്കണം. കൂടാതെ രണ്ട് വ്യക്തികളുടെ ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സത്യഭാമ ഇന്ന് നേരിട്ട് കോടതിയില്‍ കീഴടങ്ങിയിരുന്നു. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് ഹൈക്കോടതി കീഴടങ്ങാന്‍ ഉത്തരവിട്ടത്. കീഴടങ്ങുന്ന അന്ന് തന്നെ ജാമ്യാപേക്ഷ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സത്യം ജയിക്കുമെന്നായിരുന്നു കീഴടങ്ങാനെത്തിയ സത്യഭാമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ആര്‍എല്‍വി രാമകൃഷ്ണന്റെ അഭിഭാഷകനും ശക്തമായി എതിര്‍ത്തിരുന്നു. ജാതി പറഞ്ഞുള്ള അധിക്ഷേപമാണ് നടന്നതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിന് ആവശ്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. മകനെ പോലെ സംരക്ഷിക്കേണ്ട അധ്യാപികയില്‍ നിന്നുമുണ്ടായത് മോശമായ പെരുമാറ്റമാണെന്നും വിവാദ അഭിമുഖത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലും സമാനമായ രീതിയില്‍ അധിക്ഷേപിച്ചതായും ആര്‍എല്‍വി രാമകൃഷ്ണന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാതീയമായ അധിക്ഷേപം ഉദ്ദേശിച്ചിരുന്നില്ലെന്നും കറുത്ത കുട്ടി എന്നത് അധിക്ഷേപമല്ലെന്നും സത്യഭാമ കോടതിയില്‍ വാദിച്ചു. രാമകൃഷ്ണന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ല. വിവാദം മൂലം നൃത്തം പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല. ജീവിക്കാന്‍ തന്നെ വഴിയില്ലാത്ത അവസ്ഥയാണെന്നും സത്യഭാമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഒരു യൂട്യൂബ് ചാനലിന് സത്യഭാമ നല്‍കിയ അഭിമുഖമാണ് വിവാദമായത്. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല.” – സത്യഭാമ പറഞ്ഞു. ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണനും രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top