‘ഒരു കുറ്റബോധവുമില്ല, ഇനിയും പറയും, സൗന്ദര്യമില്ലാത്തവർ മത്സരിക്കരുത്’; വീണ്ടും അധിക്ഷേപം, പറഞ്ഞതിൽ ഉറച്ച് സത്യഭാമ

തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിന്ന് മാറാതെ കലാമണ്ഡലം ജൂനിയർ സത്യഭാമ. ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം ചൂടുപിടിക്കുന്നതിനിടയിലാണ് വീണ്ടും സത്യഭാമ പ്രതികരിച്ചത്. പറഞ്ഞതിൽ കുറ്റബോധമില്ലെന്നും കറുത്തവർ മത്സരിക്കാൻ വരരുതെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.

“സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. ഇനിയും പറയും. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കാൻ സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത കറുത്തവർ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം അല്ലാതെ മത്സരിക്കാൻ വരരുത്”; എന്നാണ് സത്യഭാമ പറഞ്ഞത്. ‘മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണം, ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല, കാക്കയുടെ നിറമാണ്’ എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ സത്യഭാമ നടത്തിയത്. ഇതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചെത്തിയ മാധ്യമങ്ങളോടാണ് പറഞ്ഞതിൽ ഉറച്ചു നിൽകുന്നെന്ന് സത്യഭാമ വ്യക്തമാക്കിയത്.

താന്‍ ആരുടേയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ എന്നും സത്യഭാമ പറഞ്ഞു. തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുത്താലും പോലീസിനും കോടതിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. നർത്തകർക്ക് സൗന്ദര്യം വേണമെന്നും മേക്കപ്പിന്റെ ബലത്തിലാണ് പലരും നൃത്തം ചെയ്യുന്നതെന്നും സത്യഭാമ പറഞ്ഞു. പ്രസ്താവനയിൽ സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി ആര്‍എല്‍വി.രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. എന്റെ കറുപ്പാണ് എന്റെ അഴക്, എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല മോളേയെന്നും രാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ മറുപടി നല്‍കി. ഇത്തരം വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേര്‍ പിന്‍തുണ അറിയിച്ച് രംഗത്തെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top