കളമശേരി കേരളത്തെ വീണ്ടും ഞെട്ടിക്കുന്നു, മഅദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തോക്ക് ചൂണ്ടി ബസ് കത്തിച്ചു; 18 വര്‍ഷത്തിനു ശേഷം പ്രാര്‍ത്ഥന കേന്ദ്രത്തില്‍ സ്‌ഫോടനം

കൊച്ചി : യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. തീവ്രത കുറഞ്ഞ സ്‌ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ടിഫിന്‍ ബോക്‌സില്‍ സ്ഥാപിച്ച ബോംബാണ്(IED – ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്)പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 18 വര്‍ഷം മുമ്പ് കളമശേരിയില്‍ ഒരു സംഘം തോക്ക് ചൂണ്ടി ബസ് തട്ടിയെടുത്ത് കത്തിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

2005 സെപ്തംബര്‍ 9നാണ് രാത്രിയില്‍ ഓടിക്കൊണ്ടിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ഒരു സംഘം തോക്കുചൂണ്ടി തട്ടിയെടുക്കുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഈ സംഭവം ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും ജനങ്ങളെയും ഒരേപോലെ ഞെട്ടിച്ചു. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ടിഎന്‍ 1 എന്‍. 6725 നമ്പര്‍ ബസാണ് കത്തിച്ചത്.

രാത്രി 8.30ന് സേലത്തേയ്ക്ക് പുറപ്പെട്ട ബസില്‍ യാത്രക്കാരെന്ന മട്ടിലാണ് തടിയന്റവിട നസീറും സംഘവും കയറിയത്. തുടര്‍ന്ന് ബസ് ഡ്രൈവറെ തോക്കുചൂണ്ടി ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പറയുന്നിടത്തേയ്ക്ക് ബസ് ഓടിക്കാന്‍ ആവശ്യപ്പെട്ടു. എച്ച്എംടിയുടെ വിജനമായ പറമ്പിലെത്തിച്ച ശേഷം യാത്രക്കാരെ പുറത്തിറക്കി പെട്രോള്‍ ഒഴിച്ച് ബസ് കത്തിക്കുകയായിരുന്നു. സംസ്ഥാനത്തെ ഞെട്ടിച്ച ബസ് കത്തിക്കല്‍ കേസിന്റെ ആദ്യ അന്വേഷണം ലോക്കല്‍ പൊലീസിനായിരുന്നു. സംഭവത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 2009ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. രാജ്യദ്രോഹം, തീവ്രവാദപ്രവര്‍ത്തനം എന്നിവ ചുമത്തിയാണ് എന്‍ഐഎ കേസന്വേഷിച്ചതും 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചതും.

കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ ബസ് കത്തിച്ചത്. മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയും ഈ കേസിലെ പത്താം പ്രതിയായിരുന്നു. കേസില്‍ 14 പേരാണ് പ്രതികളായിയുണ്ടായിരുന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കേസിലുണ്ടായിരുന്നത്. 2022 ഓഗസ്റ്റിലാണ് കൊച്ചി എന്‍ഐഎ കോടതി മൂന്ന് പ്രതികളെ ശിക്ഷിച്ചത്. തടിയന്‍തവിട നസീര്‍, സാബിര്‍ ബുഹാരി എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷത്തി എഴുപത്തിയയ്യായിരം രൂപ പിഴ വിധിച്ചു. മറ്റൊരു പ്രതിയായ താജുദീന് 6 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴവുമാണ് വിധിച്ചത്. ബാക്കി പ്രതികള്‍ ഇനി വിചാരണ നേരിടേണ്ടതുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top