‘സാമൂഹികാന്തരീക്ഷം തകര്‍ത്തു ലഹളക്ക് ശ്രമിച്ചു’; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസില്‍ പ്രതിഷേധവുമായി ബിജെപി
കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിനെതിരെ ബിജെപി. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഡലക്ഷ്യത്തോടെയുള്ള കേസ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചത്.
വിദ്വേഷം ജനിപ്പിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിനെതിരെ മുഖ്യമന്ത്രി രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. എറണാകുളം സൈബര്‍ സെല്‍ എസ്ഐ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഐപിസി 153, 153 എ പ്രകാരമാണ് കേസ്. ഇതാദ്യമാണ് വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ഒരു കേന്ദ്രമന്ത്രിയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരളത്തില്‍ കേസ് എടുക്കുന്നത്.
വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഐപിസി 153 ചുമത്തിയപ്പോള്‍ സാമൂഹികാന്തരീക്ഷം തകര്‍ത്ത് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഐപിസി 153 (എ) കൂടി എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കാം.
”ഒക്ടോബര്‍ 2 ഞായാറാഴ്ച എറണാകുളം ജില്ലയിലെ കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്ത് കേരളത്തില്‍ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ടിയാന്റെ രാജീവ് ചന്ദ്രശേഖര്‍ എന്ന ഫെയ്സ് ബുക്ക് പേജിലൂടെ 29.10.23 മുതല്‍ പാലസ്തീന്‍ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി ആയത് വീഡിയോയും ടെക്സ്റ്റ് മെസേജുമായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിന്നെതിരെ മതസ്പര്‍ദ്ദയുണ്ടാക്കി കേരളത്തിലെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്ത് ലഹള ഉണ്ടാക്കാനായി പ്രതി ശ്രമം നടത്തിയ കാര്യം” എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കളമശേരി സ്ഫോടനത്തിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ നടത്തിയ സമൂഹ മാധ്യമ കുറിപ്പില്‍ ഹമാസിനെ ബന്ധപ്പെടുത്തിയിരുന്നു. ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് വെറും വിഷമല്ല കൊടുംവിഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ഒരു ആക്ഷേപമല്ല അലങ്കാരമായിട്ടാണ് അദ്ദേഹം കാണുന്നത്. ഒരു വിടുവായന്‍ പറയുന്ന കാര്യങ്ങളാണ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഉണ്ടായത്. സാധാരണനിലയില്‍ ഒരു കേന്ദ്രമന്ത്രി പറയുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here