കളമശേരി സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍; സ്ഥിരീകരിച്ച് പോലീസ്; തെളിവുകള്‍ മൊബൈല്‍ ഫോണില്‍

dominic

കൊച്ചി: കളമശേരിയിലെ സ്ഫോടനം നടത്തിയത് എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പോലീസ്. തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഹാജരായി സ്ഫോടനത്തിന്റെ പിന്നില്‍ താനെന്ന് അവകാശപ്പെട്ടിരുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. സ്ഫോടനത്തിന്റെ തെളിവുകള്‍ ഡൊമിനിക് മാര്‍ട്ടിന്‍റെ മൊബൈലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ പരിശോധിച്ചതോടെയാണ് സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ഡൊമിനിക് തന്നെ എന്ന നിഗമനത്തിലേക്ക് പോലീസ് നീങ്ങിയത്. കൂടുതല്‍ ചോദ്യം ചെയ്യാനായി തൃശൂരില്‍ നിന്നും കളമശേരിയിലേക്ക് എത്തിച്ചിട്ടുണ്ട്

സ്ഫോടനം നടത്താന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ താന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലേക്കാണ് വിരല്‍ ചൂണ്ടിയത്. യഹോവ സാക്ഷി വിശ്വാസസമൂഹത്തിനോടുള്ള എതിര്‍പ്പാണ് ബോംബ്‌ സ്ഫോടനത്തിലേക്ക് തന്നെ നയിച്ചത് എന്നാണ് പറഞ്ഞത്.

രാജ്യദ്രോഹമാണ് ഈ സംഘടന ചെയ്യുന്നതെന്നാണ് ഇയാളുടെ വാദം. ബോംബ്‌ സ്ഫോടനം നടത്താന്‍ ഡൊമിനിക്കിന് പുറത്ത് നിന്നും സഹായം ലഭിച്ചതായി പോലീസ് അനുമാനിക്കുന്നുണ്ട്. പക്ഷെ ഇത് ഇയാള്‍ വെളിപ്പെടുത്തിയില്ലെന്നാണ് സൂചന. വീടും പരിസരവും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ യഹോവ സാക്ഷി സംഘടനയുമായി ശത്രുതയുണ്ടെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

മാനസിക പ്രശ്നങ്ങളും ഇയാള്‍ക്ക് ഉള്ളതായ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പക്ഷെ സംശയലേശമന്യേയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്. ബോംബ്‌ സ്ഫോടനം നടത്താനുള്ള ഐഇഡിയും അതിനുള്ള സാങ്കേതിക സഹായവും എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. കളമശേരി പോലീസ് സംഘം ഡൊമിനിക്കിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നുണ്ട്. തമ്മനത്തെ വീട്ടില്‍ പരിശോധനയും പോലീസ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ നടക്കാത്ത രീതിയിലുള്ള സ്ഫോടനമാണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ നടന്നത്. ഒരു സ്ത്രീ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ 35പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2000 ത്തോളം പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നുവെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top