കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ 12 കാരിയും മരണത്തിന് കീഴടങ്ങി; രാജ്യത്തെ നടുക്കിയ സംഭവത്തില്‍ മരണസംഖ്യ മൂന്നായി
കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിന്നിടെ നടന്ന ബോംബ് സ്ഫോടനത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ് മരിച്ചത്. പൊള്ളലേറ്റ പെരുമ്പാവൂർ പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി(52) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. പരുക്കേറ്റ 51 ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
സ്ഫോടനം നടത്തിയ യഹോവ സാക്ഷി വിശ്വാസിയായിരുന്ന കൊച്ചി തമ്മനം സ്വദേശി മാർട്ടിൻ ഡൊമിനിക് (57) പോലീസ് പിടിയിലാണ്. യുഎപിഎ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ വീട്ടിൽനിന്ന് കണ്ടെത്തി.
ഇന്നലെ രാവിലെയാണ് രാജ്യത്തെ ആശങ്കയിലാക്കിയ സ്ഫോടനം കളമശേരിയില്‍ നടന്നത്. യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിന്നിടെ മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. യോഗം നടന്ന സാമ്ര ഹാളിലാകെ തീയും പുകയുമായിരുന്നു. പലർക്കും പൊള്ളലേറ്റു. 2400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥനയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലരും തട്ടിത്തടഞ്ഞു വീണു. ഇവരെ ചവിട്ടിമെതിച്ച് മറ്റുള്ളവർ പുറത്തേക്കോടി. ഇത് കൂടുതല്‍പേര്‍ക്ക് പരുക്ക് പറ്റാന്‍ ഇടയാക്കി.
ആസൂത്രിത ബോംബ് സ്ഫോടനമാണെന്ന് പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ് ഉടന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു ഉപയോഗിച്ചത് ഐ.ഇ.ഡി.(ഇംപ്രവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) ആണെന്നും വ്യക്തമാക്കി. ടിഫിൻ ബോക്സിനുള്ളിലാണ് സ്ഫോടകവസ്തു വെച്ചത് എന്നാണ് പോലീസ് അനുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here