സ്ഫോടനത്തിന് മുൻപ് നീല കാർ അതിവേഗം പുറത്തേക്ക്; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നീല കാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം. ടിഫിൻ ബോക്സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത് എന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.

സ്ഫോടനത്തില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിന എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മന്ത്രിമാരായ വീണാ ജോര്‍ജും വി.അബ്ദുറഹ്മാനും ആന്റണി രാജുവും വി.എന്‍.വാസവനും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 18 പേരില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ മുപ്പത്തിനാല് പേരില്‍ മറ്റുള്ളവര്‍ വിവിധ ആശുപത്രികളിലാണ് ചികിത്സയില്‍ തുടരുന്നത്.

അതേസമയം കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. ബോംബ്‌ വെച്ചത് താനാണെന്ന അവകാശവാദവുമായി എത്തിയ ഇയാളെ പോലീസ് മറ്റൊരു കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

കളമശ്ശേരിയിൽ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഷോപ്പിങ് മാൾ, ചന്തകൾ, കൺവെൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നാണ് പോലീസ് ഉന്നതര്‍ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top