കളമശേരി സ്ഫോടനം: ഇന്നത്തെ കേരളീയം പരിപാടികള്‍ നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരുന്ന കേരളീയം പരിപാടികള്‍ മാറ്റി. നാളത്തേക്കാണ് ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികള്‍ മാറ്റിയിരിക്കുന്നത്. മന്ത്രി .ജി.ആര്‍.അനില്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, .എ.എ.റഹിം എം.പി തുടങ്ങിയവര്‍ പങ്കെടുക്കാനിരുന്ന പരിപാടികളാണ് മാറ്റിവച്ചത്. ഫുഡ് ഫെസ്റ്റ് മെനു ലോഞ്ചിംഗ്, കേരള എലഗന്‍സ് ഫാഷന്‍ ഷോ എന്നീ പരിപാടികളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.
കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലാണ് രാവിലെ ഉഗ്രസ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരണപ്പെട്ടു. 35 പേര്‍ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ് ഒരു കുട്ടി വെന്റിലേറ്ററിലാണ്.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്. യഹോവസാക്ഷിയായ ഇയാളുടെ പേര് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്നാണ് എഡിജിപി വെളിപ്പെടുത്തിയത്. കൊച്ചി സ്വദേശിയായ ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കളമശ്ശേരിയില്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് പോലീസ് ഉന്നതര്‍ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here